അവസാന റോമൻ ചക്രവർത്തിയായ നീറോയുടെ ഭരണം മനുഷ്യചരിത്രത്തിന്‍റെ പ്രശസ്‌തിക്ക് നാണക്കേടുണ്ടാക്കിയ ഒന്നാണ്. ഒടുവിൽ തന്‍റെ ഭരണം അവസാനിപ്പിച്ചുകൊണ്ട് മുപ്പതാം വയസ്സിൽ അദ്ദേഹം ആത്മഹത്യ ചെയ്യുകയായിരുന്നു. നീറോ തന്‍റെ ജനങ്ങൾ കഷ്‌ടപ്പെടുന്ന സമയത്ത് സംഗീതോപകരണം വായിച്ച് ഉല്ലസിച്ചു എന്ന് മാത്രമല്ല അദ്ദേഹം ഒരു ക്രൂരനായ നേതാവാണെന്നു കൂടിയാണെന്നാണ് “റോം കത്തിയപ്പോൾ നീറോ വീണ വായിച്ചു” എന്ന പ്രസിദ്ധമായ പ്രയോഗത്തിലൂടെ അര്‍ഥമാക്കുന്നത്. നീറോ ചക്രവർത്തിയുടെ ക്രൂരത കുപ്രസിദ്ധമായിരുന്നു. നമ്മുടെ കാലഘട്ടത്തിലും നീറോയോട് സമമായ ലോക നേതാക്കൻന്മാരുണ്ട്. കൊവിഡ് എന്ന മഹാമാരിയിൽ ജനങ്ങൾ വലയുമ്പോഴും നീറോയെ പോലെ പെരുമാറിയ പല നേതാക്കൻന്മാരും നമുക്ക് ചുറ്റിലുമുണ്ട്. അങ്ങനെയുള്ള ചില ലോക നേതാക്കളെക്കുറിച്ചും, അവരുടെ ചില ചിന്താശൂന്യമായ തീരുമാനങ്ങൾ രാജ്യങ്ങളെ എങ്ങനെ ബാധിച്ചുവെന്നും നമുക്ക് നോക്കാം.
യുഎസ് പ്രതിരോധ ഇന്‍റലിജൻസ് ഏജൻസിയുടെ ഒരു ഘടകമാണ് നാഷണൽ സെന്‍റർ ഫോർ മെഡിക്കൽ ഇന്‍റലിജൻസ് (എൻസിഎംഐ). നൂറോളം വൈറോളജിസ്റ്റുകൾ, ബയോളജിസ്റ്റുകൾ, കെമിക്കൽ എഞ്ചിനീയർമാർ, മിലിട്ടറി ഫിസിഷ്യൻമാർ എന്നിവരടങ്ങുന്ന ഒരു കേന്ദ്രമാണ് എൻസിഎംഐ. കൊവിഡ് സാഹചര്യത്തിൽ അടിയന്തര നടപടികൾ സ്വീകരിച്ചില്ലെങ്കിൽ യുഎസില്‍ വൻ നാശം വിതക്കുമെന്ന് എന്‍സിഎംഐ ഫെബ്രുവരിയിൽ മുന്നറിയിപ്പ് പുറപ്പെടുവിച്ചിരുന്നു. എന്നാൽ ഈ മുന്നറിയിപ്പ് അവഗണിച്ച് യുഎസിലെ ജനങ്ങൾ സുരക്ഷിതരാണെന്ന് സമീപനമാണ് കൈകൊണ്ടത്. കൊവിഡ് ചികിത്സിക്കുന്നതിനായി അണുനാശിനി കുത്തിവയ്ക്കുക തുടങ്ങിയ മണ്ടന്‍ ആശയങ്ങൾ മുന്നോട്ടുവച്ചതിനു പുറമേ രോഗികളുടെ എണ്ണം കുറക്കുന്നതിനായി പരിശോധനാ നിരക്ക് കുറയ്ക്കാനുമാണ് ട്രംപ് ഉദ്യോഗസ്ഥരോട് നിർദേശിച്ചത്.
എല്ലാ മേഖലയിലും യുഎസിന് കടുത്ത മത്സരം നൽകിയ പഴയ സോവിയറ്റ് യൂണിയന്‍റെ ഒരു ചെറിയ ബാക്കിപത്രം മാത്രമാണ് ഇന്നത്തെ റഷ്യ. റഷ്യയില്‍ എല്ലാ ദിവസവും പോസിറ്റീവ് കേസുകളിൽ വർധനവ് കാണിക്കുന്നുണ്ടെങ്കിലും പ്രസിഡന്‍റ് പുടിൻ സ്ഥിതിഗതികൾ നിയന്ത്രണവിധേയമാണെന്ന് വാദിച്ചു. മാർച്ചിൽ വരാനിരിക്കുന്ന ആരോഗ്യസംരക്ഷണ പ്രതിസന്ധിയെക്കുറിച്ച് വിദഗ്‌ധർ മുന്നറിയിപ്പ് നൽകിയിട്ടും അദ്ദേഹം വകവെക്കാന്‍ കൂട്ടാക്കിയില്ല. റഷ്യയുടെ പ്രവര്‍ത്തന ശേഷിയിൽ അമിതമായി വിശ്വസിച്ച പുടിൻ വെന്‍റിലേറ്ററുകളും മറ്റ് നിർണായക മെഡിക്കല്‍ ഉപകരണങ്ങളും ഇറ്റലിയിലേക്ക് അയച്ചു നൽകി.
രാജ്യത്തിൽ മാസ്‌ക്കുകളുടെയും പിപിഇയുടെയും അപര്യാപ്‌തത പരസ്യമാക്കിയ ഒരു വനിതാ ഡോക്‌ടറെ സഹപ്രവർത്തകർക്കൊപ്പം ജയിലിലടയ്ക്കുകയുമാണ് പുടിൻ ചെയ്‌തത്. റഷ്യയിലെ ആരോഗ്യ സംരക്ഷണ പ്രതിസന്ധിയെ തുടർന്ന് 80 ലക്ഷത്തോളം പേർക്ക് തൊഴിലില്ലായ്‌മ അനുഭവിക്കുന്നതായി കണക്കാക്കപ്പെടുന്നു. എന്നാൽ തുടർന്ന് സാഹചര്യത്തിന്‍റെ ഗൗരവം മനസിലാക്കിയ അദ്ദേഹം രോഗ പകര്‍ച്ച നിയന്ത്രിക്കുന്നതില്‍ വീഴ്‌ച ഉണ്ടായതായി സമ്മതിച്ചു.
ആധുനിക നീറോമാരുടെ പട്ടികയിൽ ബ്രസീൽ പ്രസിഡന്‍റ് ജെയർ ബോൾസോനാരോയാണ് അടുത്ത നേതാവ്. ഫെബ്രുവരി 26നാണ് ബ്രസീലില്‍ ആദ്യത്തെ കൊവിഡ് കേസ് റിപ്പോർട്ട് ചെയ്‌തത്. എന്നാൽ സ്ഥിതിഗതികൾ പെരുപ്പിച്ചുകാട്ടി എന്നു ആരോപിച്ച് ബോൾസോനാരോ മാധ്യമങ്ങളെ കുറ്റപ്പെടുത്തി. ബ്രസീലിൽ വൈറസ് പടരാതിരിക്കാൻ അടിയന്തര നടപടികൾ സ്വീകരിക്കാൻ നിർദ്ദേശിച്ചതിന് രണ്ട് ആരോഗ്യമന്ത്രിമാരെ അദ്ദേഹം പുറത്താക്കി. കൊറോണ വൈറസിനെ ലളിതമായ പനി എന്ന് പറഞ്ഞ് അദ്ദേഹം സാഹചര്യത്തിന്‍റെ ഗൗരവത്തെ തള്ളിക്കളയുകയായിരുന്നു. ബോള്‍സോനാരോ ആളുകളുമായി, കൈ കൊടുക്കുകയും ചെയ്‌തു. കൊവിഡ് പ്രതിസന്ധി എന്നത് അതിശയോക്തിയായാണ് അദ്ദേഹം ഇപ്പോഴും ഉറച്ചു വിശ്വസിക്കുന്നത്.
പകർച്ചവ്യാധി കൈകാര്യം ചെയ്യുന്നതിൽ പ്രധാനമന്ത്രി ഇമ്രാൻ ഖാന്‍റെ തന്ത്രങ്ങളിൽ പാക്കിസ്ഥാൻ സൈന്യവും പൊതുജനങ്ങളും ഒരുപോലെ നിരാശരാണ്. ഖാൻ വൈറസിനെ ഗൗരവമായി എടുത്തിട്ടില്ലെന്ന് പ്രതിപക്ഷ പാർട്ടികൾ വിമർശിക്കുന്നു. രോഗ നിര്‍ണയ പരിശോധന ശേഷി 50,000 ആയി ഉയർത്തിയതായി ഖാൻ നേരത്തെ പ്രഖ്യാപിച്ചിരുന്നു. എന്നാൽ യഥാർഥ പരിശോധന നിരക്ക് 20,000ത്തിൽ താഴെയാണ്. കൊവിഡിന്‍റെ കാഠിന്യം അവഗണിച്ചതിന് പാകിസ്ഥാൻ കനത്ത വിലയാണ് നൽകുന്നത്.