വാഷിംഗ്ടൺ:സെപ്റ്റംബറിൽ നടക്കാനിരിക്കുന്ന 75-ാം യുഎൻ വാർഷിക ഉച്ചക്കോടിയിൽ ലോക നേതാക്കൾ പങ്കെടുക്കാൻ സാധ്യതയില്ലെന്ന് യുഎൻ സെക്രട്ടറി ജനറൽ അന്‍റണിയോ ഗുട്ടെറസ്. കൊവിഡ് 19 മഹാമാരിയുടെ പശ്ചാത്തലത്തിലാണ് ഗുട്ടെറസിന്‍റെ പ്രവചനം. 193 അംഗ രാജ്യങ്ങളിലെ നേതാക്കളോടും യോഗം ചേരുന്നതിനുള്ള ബദൽ മാർഗങ്ങൾ ആരായണമെന്നാവശ്യപ്പെട്ട് ജനറൽ അസംബ്ലി പ്രസിഡന്റ് ടിജാനി മുഹമ്മദ്-ബാൻഡെക്ക് ഗുട്ടെറസ് കത്തയച്ചു.
യുഎൻ ഉച്ചക്കോടിയിൽ ലോക നേതാക്കൾ പങ്കെടുത്തേക്കില്ല: ഗുട്ടെറസ്
കൊവിഡ് പ്രതിസന്ധി മൂലം സെപ്റ്റംബറിൽ നടക്കാനിരിക്കുന്ന 75-ാം യുഎൻ വാർഷിക ഉച്ചക്കോടിയിൽ ലോക നേതാക്കൽ പങ്കെടുക്കാൻ സാധ്യതയില്ലെന്നും അതിനാൽ യോഗം നടത്തുന്നതിനായി ബദൽ മാർഗങ്ങൾ സ്വീകരിക്കണമെന്നും അന്റോണിയോ ഗുട്ടെറസ്
'സെപ്റ്റംബറിൽ നടക്കാനിരിക്കുന്ന യോഗം ചരിത്രത്തിൽ തന്നെ ഏറ്റവും മികച്ചതാകുമെന്നാണ് പ്രതീക്ഷിച്ചിരുന്നത്. ആ അവസരത്തിൽ തങ്ങളുടെ 75 വർഷത്തെ പ്രവർത്തനങ്ങൾ വിലയിരുത്താൻ എല്ലാ അംഗ രാജ്യങ്ങൾക്കും സാധിക്കുമായിരുന്നു. ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ ഭാവിയും ചർച്ച ചെയ്യപ്പെടുമായിരുന്നു. സെപ്റ്റംബർ 21നാണ് ഏകദിന ഉച്ചകോടി ആസൂത്രണം ചെയ്തിരുന്നത്'. ഗുട്ടെറസ് പറഞ്ഞു.
കൊവിഡ് പ്രതിസന്ധി തുടരുന്നതിനാൽ സെപ്റ്റംബറിലും യാത്രാ നിയന്ത്രണങ്ങളും നിരീക്ഷണങ്ങളും തുടരാൻ സാധ്യയുണ്ടെന്നും, ആ സാഹചര്യത്തിൽ നേതാക്കൾക്ക് വാർഷിക യോഗത്തിൽ പങ്കെടുക്കാനായി ന്യൂയോർക്കിൽ എത്തിച്ചേരാൻ സാധിക്കണമെന്നില്ലെന്നും അന്റോണിയോ ഗുട്ടെറസ് വ്യക്തമാക്കി. അതിനാൽ 75-ാം വാർഷികം മറ്റൊരു രീതിയിൽ നടത്തേണ്ടി വരുമെന്നും ഇത് എങ്ങനെ ആയിരിക്കണമെന്ന് അംഗ രാജ്യങ്ങൾക്ക് നിർദേശിക്കാമെന്നും അദ്ദേഹം അറിയിച്ചു.