വാഷിങ്ടൺ: പ്രസിഡന്‍റ് ഡൊണാൾഡ് ട്രംപിനെ അനുകൂലികർ ക്യാപ്പിറ്റോൾ മന്ദിരത്തിൽ അതിക്രമിച്ച് കയറിയ നടപടിയെ അപലപിച്ച് ലോകനേതാക്കൾ. "യുഎസ് കോൺഗ്രസിലെ അപമാനകരമായ രംഗങ്ങൾ” എന്നാണ് ബ്രിട്ടൻ പ്രധാനമന്ത്രി ബോറിസ് ജോൺസൺ ട്വീറ്റ് ചെയ്തത്. യുണൈറ്റഡ് സ്റ്റേറ്റ്സ് ലോകമെമ്പാടുമുള്ള ജനാധിപത്യത്തിന് വേണ്ടി നിലകൊള്ളുന്നു. സമാധാനപരമായതും ചിട്ടയായതുമായ അധികാര കൈമാറ്റം നടത്തേണ്ടത് അത്യാവശ്യമാണെന്നും അദ്ദേഹം പറഞ്ഞു.
യുഎസ് സെനറ്റിൽ നടന്നത് അപമാനകരമായ സംഭവമാണെന്ന് മുൻ യുഎസ് ബറാക്ക് ഒബാമ വ്യക്തമാക്കി.
ട്രംപും അനുയായികളും അമേരിക്കൻ വോട്ടർമാരുടെ തീരുമാനം അംഗീകരിക്കുകയും ജനാധിപത്യത്തെ ചവിട്ടിമെതിക്കുന്നത് ഒഴിവാക്കുകയും ചെയ്യണമെന്നായിരുന്നു ജർമ്മൻ വിദേശകാര്യ മന്ത്രി ഹെയ്‌കോ മാസ് ട്വിറ്ററിൽ കുറിച്ചത്. ജനാധിപത്യ സ്ഥാപനങ്ങളോടുള്ള അവഹേളനമാണ് വിനാശകരമായ ഫലങ്ങൾ ഉളവാക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ആഭ്യന്തര രാഷ്ട്രീയ പ്രതിസന്ധിയെ അമേരിക്ക പക്വതയോടെ മറികടക്കുമെന്ന് വിശ്വസിക്കുന്നതായി തുർക്കി വിദേശകാര്യ മന്ത്രാലയം പ്രതീക്ഷ പ്രകടിപ്പിച്ചു. അമേരിക്കയിലുള്ള തുർക്കിക്കാർ പ്രതിഷേധ പ്രകടനങ്ങളിൽ നിന്ന് വിട്ടുനിൽക്കണമെന്നും മന്ത്രാലയം പ്രസ്താവനയിൽ ആവശ്യപ്പെട്ടു. യൂറോപ്യൻ പാർലമെന്‍റ് പ്രസിഡന്‍റ് ഡേവിഡ് സസ്സോളിയും സംഭവത്തിൽ പ്രതികരിച്ചു.