വാഷിംഗ്‌ടണ്‍ ഡിസി: അമേരിക്കൻ പ്രസിഡന്‍റായി ചുമതലയേറ്റ ജോ ബൈഡനും ആദ്യ വനിത വൈസ് പ്രസിഡന്‍റ് കമലഹാരിസിനും ആശംസകൾ നേർന്ന് ലോക നേതാക്കൾ. വിജയകരമായി അമേരിക്കയെ നയിക്കാൻ ജോ ബൈഡന് കഴിയട്ടെയെന്ന് ഇന്ത്യൻ പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു.
‘അമേരിക്കൻ പ്രസിഡന്‍റായി ചുമതലയേറ്റ ജോ ബൈഡൻ ആശംസകൾ. ഇന്ത്യ-യുഎസ് സഹകരണം ശക്തിപ്പെടുത്താനായി ഒരുമിച്ച് പ്രവർത്തിക്കാൻ കാത്തിരിക്കുന്നു. പരസ്പരം പങ്കുവെക്കുന്ന മൂല്യങ്ങളാണ് ഇന്ത്യ-യുഎസ് പങ്കാളിത്തത്തിന്‍റെ അടിസ്ഥാനം’. പ്രധാനമന്ത്രി ട്വിറ്ററിൽ കുറിച്ചു.
വൈസ് പ്രസിഡന്‍റായി ചുമതലയേറ്റ ഇന്ത്യൻ വംശജ കമലാ ഹാരിസിനെയും പ്രധാനമന്ത്രി അഭിനന്ദിച്ചു. കമലാ ഹാരിസിന്‍റെ സത്യപ്രതിജ്ഞയെ ചരിത്ര നിമിഷമെന്നാണ് അദ്ദേഹം വിശേഷിപ്പിച്ചത്. കമലാ ഹാരിസുമായി ആശയവിനിമയം നടത്താൻ കാത്തിരിക്കുകയാണെന്നും ഇന്ത്യ-യുഎസ് ബന്ധം ലോകത്തിന് തന്നെ ഗുണകരമാണെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.
ബ്രിട്ടൻ പ്രധാനമന്ത്രി ബോറിസ് ജോൺസണും അമേരിക്കൻ പ്രസിഡന്‍റിന് ആശംസകൾ നേർന്നു. കാലാവസ്ഥാ വ്യതിയാനം മുതൽ കൊവിഡ് വരെയുള്ള നമുക്കെല്ലാവർക്കും പ്രാധാന്യമുള്ള വിഷയങ്ങളിൽ അമേരിക്കയുടെ നേതൃത്വം പ്രധാനമാണ്, പ്രസിഡന്‍റ് ബൈഡനുമായി ചേർന്ന് പ്രവർത്തിക്കാൻ ഞാൻ ആഗ്രഹിക്കുന്നുവെന്ന് അദ്ദേഹം ട്വിറ്ററിൽ കുറിച്ചു.