വാഷിങ്ടണ്‍: ടെസ്‌ല കാറിനുള്ളില്‍ ജനിച്ച മേവ് ലിലി ഇപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ അറിയപ്പെടുന്നത് 'ടെസ്‌ല ബേബി'യെന്ന്. ഫിലാഡല്‍ഫിയ സ്വദേശികളായ യിരാന്‍ ഷെറി-കീറ്റിങ് ഷെറി ദമ്പതികളുടെ രണ്ടാമത്തെ കുഞ്ഞാണ് ഇലക്‌ട്രിക്ക് കാറിനുള്ളില്‍ ജനിച്ചത്. ലോകത്തെ ആദ്യത്തെ 'ടെസ്‌ല ബേബി'യായിരിക്കുകയാണ് മേവ് ലിലി. ഇലോണ്‍ മസ്‌ക് ആണ് ടെസ്‌ല കാറുകള്‍ അവതരിപ്പിച്ചത്.
മൂത്ത കുട്ടിയെ സ്‌കൂളിലയ്‌ക്കാനുള്ള തിരക്കിലായിരുന്നു ദമ്പതികള്‍. ഇതിനിടെയാണ് യിരാന് പ്രസവ വേദന തുടങ്ങുന്നത്. കീറ്റിങിന്‍റെ സഹായത്തോടെ യിരാനെ കാറില്‍ കയറ്റി ആശുപത്രിയിലേക്ക് തിരിച്ചു. എന്നാല്‍ റോഡിലെ ഗതാഗത കുരുക്കില്‍പ്പെട്ട കീറ്റിങ് കാര്‍ ഓട്ടോ പൈലറ്റ് മോഡിലാക്കി. വേദന കൊണ്ട് പുളയുന്ന ഭാര്യയേയും പിന്‍സീറ്റിലുള്ള മൂത്ത മകനേയും ഒരേസമയം ശ്രദ്ധിക്കുന്നതിനായാണ് കീറ്റിങ് കാര്‍ ഓട്ടോ പൈലറ്റ് മോഡിലിട്ടത്.