വാഷിങ്ടണ്‍ :റഷ്യൻ അധിനിവേശം തുടരുന്ന യുക്രൈന് സഹായ ഹസ്‌തവുമായി ലോക ബാങ്ക്. 3 ബില്യൻ ഡോളറിന്‍റെ അടിയന്തര സഹായം നൽകാനാണ് ലോകബാങ്ക് തീരുമാനമെടുത്തിട്ടുള്ളത്. ലോകബാങ്ക് ഗ്രൂപ്പ് പ്രസിഡന്‍റ് ഡേവിഡ് മാൽപാസും ഐഎംഎഫ് മാനേജിങ് ഡയറക്‌ടർ ക്രിസ്റ്റലീന ജോർജീവയും ചേർന്നാണ് യുക്രൈന് വേണ്ടിയുള്ള പിന്തുണ പാക്കേജ് പ്രഖ്യാപിച്ചത്.
'യുക്രൈനിൽ യുദ്ധം വരുത്തിവച്ച നാശത്തിൽ ഞങ്ങൾ ദുഃഖിതരാണ്. ജനങ്ങൾ കൊല്ലപ്പെടുകയും, പരിക്കേൽക്കുകയും പലായനം ചെയ്യാൻ നിർബന്ധിതരാവുകയും ചെയ്യുന്നു. രാജ്യത്തിന്‍റെ ഭൗതിക അടിസ്ഥാന സൗകര്യങ്ങൾക്ക് വൻ നാശനഷ്‌ടങ്ങൾ സംഭവിക്കുന്നു. ഈ ഭയാനകമായ സംഭവ വികാസങ്ങൾക്കിടയിൽ ഞങ്ങൾ യുക്രൈനിലെ ജനതക്കൊപ്പം നിൽക്കുന്നു.'ലോകബാങ്ക് പ്രസ്‌താവനയിൽ വ്യക്‌തമാക്കി.
യുദ്ധം മറ്റ് രാജ്യങ്ങളേയും കാര്യമായി ബാധിക്കുന്നുണ്ട്. ചരക്കുകളുടെ വില ഉയരുകയും പണപ്പെരുപ്പം വർധിക്കുകയും ചെയ്യുന്നു. ഇത് ദരിദ്രരെയാണ് ഏറ്റവുമധികം ബാധിക്കുന്നത്. സംഘർഷം ഇനിയും തുടരുകയാണെങ്കിൽ സാമ്പത്തിക വിപണിയിലെ തടസങ്ങൾ കൂടുതൽ വഷളായിക്കൊണ്ടേയിരിക്കും. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി പ്രഖ്യാപിച്ച ഉപരോധങ്ങളും കാര്യമായ സാമ്പത്തിക പ്രത്യാഘാതം ഉണ്ടാക്കും. ഞങ്ങൾ ഈ സ്ഥിതിഗതികൾ വിലയിരുത്തി അന്താരാഷ്‌ട്ര തലത്തിൽ നയപരമായ പ്രതികരണങ്ങൾ ചർച്ച ചെയ്യുന്നുണ്ട്.