വാഷിങ്‌ടണ്‍: ട്വിറ്ററിന്‍റെ സഹ സ്ഥാപകനും സിഇഒയുമായ ജാക്ക് ഡോര്‍സി കഴിഞ്ഞ ദിവസമാണ് കമ്പനിയില്‍ നിന്ന് താന്‍ പടിയിറങ്ങുകയാണെന്ന് പ്രഖ്യാപിച്ചത്. ജാക്ക് ഡോര്‍സിയുടെ രാജി സംബന്ധിച്ച് നേരത്തെ തന്നെ അഭ്യൂഹങ്ങള്‍ ഉണ്ടായിരുന്നതിനാല്‍ രാജി പ്രഖ്യാപനം വലിയ ഞെട്ടലുണ്ടാക്കിയില്ല. എന്നാല്‍ പകരക്കാരനായി പരാഗ് അഗര്‍വാള്‍ എത്തിയത് വലിയ ചര്‍ച്ചയായി.
കമ്പനിയുടെ നിലവിലെ ചീഫ് ടെക്‌നിക്കല്‍ ഓഫിസറും ഇന്ത്യന്‍ വംശജനുമായ പരാഗ് അഗര്‍വാളായിരിക്കും കമ്പനിയുടെ പുതിയ സിഇഒയെന്ന് ജാക്ക് ഡോര്‍സി തന്നെയാണ് അറിയിച്ചതും.
ട്വിറ്ററിന്‍റെ പുതിയ സിഇഒ പരാഗ് അഗര്‍വാള്‍ ഗൂഗിള്‍ മാതൃസ്ഥാപനമായ ആല്‍ഫബെറ്റിന്‍റെ സിഇഒ സുന്ദര്‍ പിച്ചെ, മൈക്രോസോഫ്‌റ്റിന്‍റെ സത്യ നാദല്ലെ, ഐബിഎമ്മിന്‍റെ അരവിന്ദ് കൃഷ്‌ണ എന്നിവരുടെ പാത പിന്തുടര്‍ന്നാണ് 37കാരനായ പരാഗ് അഗര്‍വാളും ട്വിറ്ററിന്‍റെ തലപ്പത്തേക്ക് എത്തുന്നത്.
എന്നാല്‍ ഇവരെല്ലാം സിഇഒ സ്ഥാനത്തെത്തുന്നതിന് മുന്‍പ് വാര്‍ത്തകളില്‍ നിറവരാണെങ്കില്‍ പരാഗിന്‍റെ പേര് പലരും ആദ്യമായാണ് കേള്‍ക്കുന്നത്.
ആരാണ് പരാഗ് അഗര്‍വാള്‍?
മുംബൈയില്‍ ജനിച്ച പരാഗ് ബോംബൈ ഐഐടിയില്‍ നിന്ന് കമ്പ്യൂട്ടര്‍ സയസില്‍ എഞ്ചിനീയറിങ് ബിരുദം സ്വന്തമാക്കി. ഉന്നത വിദ്യാഭ്യാസത്തിനായി 2005ല്‍ അമേരിക്കയിലെത്തി. സ്റ്റാന്‍ഫോര്‍ഡ് സര്‍വകലാശാലയില്‍ നിന്ന് കമ്പ്യൂട്ടര്‍ സയൻസില്‍ ഡോക്‌ടറേറ്റ് എടുത്തു. സ്റ്റാന്‍ഫോര്‍ഡില്‍ ഗവേഷണം ചെയ്യുന്നതിനിടെ 2011ലാണ് ട്വിറ്ററില്‍ എത്തുന്നത്.
മൈക്രോസോഫ്‌റ്റ്, യാഹൂ, എടി ആന്‍ഡ് ടി തുടങ്ങിയ കമ്പനികളില്‍ റിസര്‍ച്ച് വിഭാഗത്തില്‍ ജോലി ചെയ്‌തതിന് ശേഷമാണ് പരാഗ് ട്വിറ്ററിലെത്തുന്നത്. 2017 ഒക്‌ടോബറില്‍ കമ്പനിയുടെ ചീഫ് ടെക്നോളജി ഓഫിസറായി. (ഒരു സ്ഥാപനത്തിന്‍റെ സാങ്കേതികപരവും ശാസ്‌ത്രീയപരവുമായ പ്രശ്‌നങ്ങള്‍ പരിഹരിക്കലാണ് ചീഫ് ടെക്‌നിക്കല്‍ ഓഫിസറുടെ ചുമതല.)
മെഷീന്‍ ലേര്‍ണിങ്, റവന്യൂ, കണ്‍സ്യൂമര്‍ എഞ്ചിനീയറിങ്, ഓഡിയന്‍സ് ഗ്രോത്തിനെ സഹായിക്കുക തുടങ്ങിയ ചുമതലകളാണ് പരാഗ് കൈകാര്യം ചെയ്‌തിരുന്നത്.
സിടിഒയില്‍ നിന്ന് സിഇഒയിലേക്ക്
ട്വിറ്ററിന്‍റെ പ്രധാന ഓഹരി ഉടമകളായ എലിയറ്റ് മാനേജ്മെന്‍റ് കോര്‍പ്പറേഷനും പടിയിറങ്ങിയ ജാക്ക് ഡോര്‍സിക്കും ഒരു പോലെ താല്‍പര്യമുള്ള ഒരാളാണ് പരാഗ് അഗര്‍വാള്‍. അതാണ് സിടിഒയില്‍ നിന്ന് സിഇഒ സ്ഥാനത്തേക്ക് പരാഗിനെ എത്തിച്ചതും.
ട്വിറ്റര്‍ കഴിഞ്ഞ ദിവസം അറിയിച്ചത് പ്രകാരം 1 മില്യണ്‍ ഡോളറാണ് (7.5 കോടി ഇന്ത്യന്‍ രൂപ) വാര്‍ഷിക വരുമാനമായി പരാഗിന് ലഭിക്കുക. 12.5 മില്യണ്‍ യുഎസ് ഡോളര്‍ ഓഹരിയുടെ ഭാഗമായും ലഭിക്കും.
ഈ നിർണായക നിമിഷത്തിൽ കമ്പനിയെ നയിക്കാനുള്ള ഏറ്റവും അനുയോജ്യരായ ആളുകളാണ് പരാഗ് അഗര്‍വാളും പുതിയ ബോര്‍ഡ് ചെയര്‍മാന്‍ ബ്രെറ്റ് ടെയ്‌ലറുമെന്നാണ് എലിയറ്റ് മാനേജ്മെന്‍റ് കോര്‍പ്പറേഷന്‍ കഴിഞ്ഞ ദിവസം പുറത്തിറക്കിയ പ്രസ്‌താവനയില്‍ പറഞ്ഞത്.
'എല്ലാ ഓപ്‌ഷനുകളും പരിഗണിച്ച് ബോർഡ് ഏകകണ്‌ഠമായി പരാഗിനെ നിയമിക്കുകയായിരുന്നു. ഈ കമ്പനിയെ മാറ്റാൻ സഹായിച്ച എല്ലാ നിർണായക തീരുമാനങ്ങൾക്കും പിന്നിൽ പരാഗ് ഉണ്ടായിരുന്നു. സിഇഒ എന്ന നിലയിൽ അദ്ദേഹത്തിലുള്ള എന്‍റെ വിശ്വാസം ആഴത്തിലുള്ളതാണ്,' രാജി പ്രഖ്യാപിച്ച് കൊണ്ട് ട്വിറ്ററില്‍ പങ്കുവച്ച പ്രസ്‌താവനയില്‍ ജാക്ക് ഡോര്‍സി പറഞ്ഞു. പരാഗായിരുന്നു പിന്‍ഗാമിയായി തന്‍റെ മനസിലുണ്ടായിരുന്നതെന്നും ജാക്ക് വ്യക്തമാക്കി.
വെല്ലുവിളികളും കടമ്പകളും
കഴിഞ്ഞ നാല് വർഷമായി ട്വിറ്ററിന്‍റെ ചീഫ് ടെക്നോളജി ഓഫിസറായി സേവനമനുഷ്‌ഠിച്ച പരാഗിന്‍റെ നിയമനത്തെ ഇന്‍റര്‍നെറ്റിന്‍റെ അടുത്ത യുഗമായ മെറ്റാവേർസിലേക്ക് ട്വിറ്ററിനെ എത്തിക്കുന്നതിലേക്കുള്ള ഒരാളുടെ തെരഞ്ഞെടുപ്പായിട്ടാണ് വാള്‍സ്‌ട്രീറ്റ് വിലയിരുത്തുന്നത്.
സിഇഒ പദവി ഏറ്റെടുക്കുന്ന പരാഗിന് മുന്നില്‍ വെല്ലുവിളികളും ഏറെയാണ്. ഇതുവരെ കൈകാര്യം ചെയ്‌തിരുന്ന ടെക്‌നിക്കല്‍ വശങ്ങള്‍ക്കുമപ്പുറം സമൂഹ മാധ്യമങ്ങളിലൂടെ തെറ്റായ വിവരങ്ങള്‍ പ്രചരിക്കുന്നത്, അതിന്‍റെ ദുരുപയോഗം, മാനസികാരോഗ്യത്തില്‍ സമൂഹ മാധ്യമങ്ങള്‍ ചെലുത്തുന്ന സ്വാധീനം തുടങ്ങി സാമൂഹികവും രാഷ്‌ട്രീയവുമായ ഒട്ടേറെ പ്രതിസന്ധികള്‍ക്ക് പരിഹാരം കണ്ടത്തേണ്ടതുണ്ട്.
രാഷ്‌ട്രീയ നേതാക്കള്‍, സൈലിബ്രിറ്റികള്‍, മാധ്യമപ്രവര്‍ത്തകര്‍ തുടങ്ങി നിരവധി ഹൈ പ്രൊഫൈല്‍ ഉപഭോക്‌താക്കള്‍ ഉണ്ടെങ്കിലും യൂസര്‍ ബേസില്‍ എതിരാളികളായ ഫേസ്ബുക്കിനും യൂട്യൂബിനുമൊക്കെ വളരെ പിറകിലാണ് ട്വിറ്റര്‍. 200 മില്യണ്‍ ഡെയ്‌ലി ആക്‌റ്റീവ് ഉപഭോക്‌താക്കള്‍ മാത്രമാണ് ട്വിറ്ററിനുള്ളത്.
2023നുള്ളില്‍ 315 മില്യണ്‍ ഡെയ്‌ലി ആക്റ്റീവ് യൂസേഴ്‌സ് എന്ന ലക്ഷ്യമാണ് കമ്പനിക്കുള്ളതെന്ന് ഈ വര്‍ഷമാദ്യം ട്വിറ്റര്‍ അറിയിച്ചിരുന്നു. കമ്പനിയുടെ വാര്‍ഷിക വരുമാനം ഉയര്‍ത്തി ഈ ലക്ഷ്യം സാക്ഷാത്ക്കരിക്കുകയെന്നത് പരാഗിന് മുന്നിലുള്ള വലിയ കടമ്പ തന്നെയാണ്.
Read more: ട്വിറ്റര്‍ സിഇഒ ജാക്ക് ഡോഴ്‌സി രാജിവച്ചു, ഇന്ത്യന്‍ വംശജന്‍ പരാഗ് അഗര്‍വാള്‍ പുതിയ സിഇഒ