വാഷിങ്ടണ്‍: അമേരിക്കൻ തെരഞ്ഞെടുപ്പിന് 14 മാസം മാത്രം ബാക്കി നില്‍ക്കെ പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപിനെതിരെ ഇംപീച്ച്മെന്‍റ് നടപടി സ്വീകരിക്കണമെന്ന ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ ആവശ്യം രാജ്യത്തെങ്ങും വലിയ കോളിളക്കം സൃഷ്ടിച്ചിരിക്കുകയാണ്. ഈ സാഹചര്യത്തിലാണ് ഇംപീച്ച്മെന്‍റ് നടപടിയെ ശക്തമായി എതിര്‍ത്ത് കൊണ്ട് വൈറ്റ് ഹൗസ് പ്രഖ്യാപനം വന്നിരിക്കുന്നത്. യാതൊരു അടിസ്ഥാനമില്ലാത്ത ആരോപണമാണെന്നും നിയമസാധുതയില്ലെന്നുമാണ് ഡെമോക്രാറ്റിക് നേതാക്കളുടെ കത്തിന് വൈറ്റ് ഹൗസ് മറുപടി നല്‍കിയിരിക്കുന്നത്.
ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ പ്രസിഡനന്‍റ് സ്ഥാനത്തേക്ക് മത്സരിക്കുന്ന ജോ ബിഡനെക്കുറിച്ച് അന്വേഷിക്കാൻ ഉക്രൈയിനിന്‍റെ സഹായം ട്രംപ് തേടിയെന്നായിരുന്നു പ്രധാന ആരോപണം. ഈ ആരോപണത്തില്‍ കഴമ്പുണ്ടോയെന്ന അന്വേഷണം ആരംഭിച്ചിരിക്കുകയാണെന്ന് വൈറ്റ് ഹൗസ് നല്‍കിയ മറുപടിയില്‍ പറയുന്നു. അമേരിക്കൻ ജനതയോടുള്ള കടമ നിറവേറ്റുന്നതിന് പ്രസിഡന്‍റ് ട്രംപിനും അദ്ദേഹത്തിന്‍റെ ഭരണകൂടത്തിനും ഈ സാഹചര്യങ്ങളിൽ നിങ്ങളുടെ പക്ഷപാതപരവും ഭരണഘടനാവിരുദ്ധവുമായ അന്വേഷണത്തിൽ പങ്കെടുക്കാൻ കഴിയില്ലെന്നാണ് കത്തിലെ സാരാംശം. എട്ട് പേജുള്ള മറുപടിയാണ് വൈറ്റ് ഹൗസ് നല്‍കിയിരിക്കുന്നത്. 2020ല്‍ നടക്കുന്ന തെരഞ്ഞെടുപ്പില്‍ ചൂടുള്ള ചര്‍ച്ചക്ക് വഴിവെക്കുന്ന സംഭവത്തിന് തുടക്കമിട്ടതാകട്ടെ ജനപ്രതിനിധി സഭാ സ്പീക്കറും ഡെമോക്രാറ്റിക് പാര്‍ട്ടി നേതാവുമായ നാന്‍സി പെലോസിയാണ്. തെരഞ്ഞെടുപ്പ് അട്ടിമറിക്കാനുള്ള ഡെമോക്രാറ്റുകളുടെ നീക്കമാണിത്.