വാഷിങ്‌ടണ്‍: യുക്രൈനില്‍ റഷ്യ രാസായുധമോ ജൈവായുധമോ പ്രയോഗിക്കാന്‍ സാധ്യതയുണ്ടെന്ന മുന്നറിയിപ്പുമായി അമേരിക്ക. യുക്രൈന്‍ രാസായുധം വികസിപ്പിക്കുകയാണെന്ന റഷ്യയുടെ അവകാശവാദങ്ങള്‍ അമേരിക്ക തള്ളി. യുക്രൈന്‍ രാസ, ജൈവ ആയുധങ്ങള്‍ വികസിപ്പിക്കുകയാണെന്ന് റഷ്യൻ വിദേശകാര്യ മന്ത്രാലയ വക്താവ് മരിയ സഖറോവ നേരത്തെ ആരോപിച്ചിരുന്നു.
റഷ്യയുടെ അവകാശവാദം അപഹാസ്യമാണെന്ന് യുഎസ് വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി ജെൻ സാക്കി പ്രതികരിച്ചു. 'യുക്രൈനെതിരെ മുൻകൂട്ടി നിശ്ചയിച്ചതും പ്രകോപനമില്ലാത്തതുമായ ആക്രമണത്തെ ന്യായീകരിക്കാനുള്ള റഷ്യയുടെ വ്യക്തമായ തന്ത്രമാണിത്,' സാക്കി ബുധനാഴ്‌ച ട്വിറ്ററില്‍ കുറിച്ചു. റഷ്യയുടെ ഈ പ്രചരണത്തെ ചൈന പിന്തുണക്കുകയാണെന്നും വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി ആരോപിച്ചു.