ടെഹ്‌റാൻ:യുഎസ് ഏർപ്പെടുത്തിയ ഉപരോധത്തിനെതിരെ ആഞ്ഞടിച്ച് ഇറാൻ പ്രസിഡന്‍റ് ഹസ്സൻ റൂഹാനി. നാഷണൽ ഹെഡ്ക്വാർട്ടേഴ്സ് ഫോർ മാനേജിങ് ആന്‍റ് ഫൈറ്റിങ് കൊവിഡ് 19 ന്‍റെ യോഗത്തിലാണ് റൂഹാനി അമേരിക്കക്കെതിരെ പ്രതികരിച്ചത്. നിയമവിരുദ്ധവും മനുഷ്യത്വരഹിതവുമായ ഉപരോധങ്ങളിലൂടെയും തീവ്രവാദ പ്രവർത്തനങ്ങളിലൂടെയും ഇറാനിലെക്കുള്ള മരുന്നും ഭക്ഷണവും എത്തിക്കുന്നത് അമേരിക്കക്കാർ തടഞ്ഞുവെന്ന് അദ്ദേഹം പറഞ്ഞു.
യുഎസ് ഉപരോധത്തിനെതിരെ ഇറാൻ പ്രസിഡന്‍റ് ഹസ്സൻ റൂഹാനി - അമേരിക്കൻ പ്രസിഡന്‍റ്
നിയമവിരുദ്ധവും മനുഷ്യത്വരഹിതവുമായ ഉപരോധങ്ങളിലൂടെയും തീവ്രവാദ പ്രവർത്തനങ്ങളിലൂടെയും ഇറാനിലേക്കുള്ള മരുന്നും ഭക്ഷണവും എത്തിക്കുന്നത് അമേരിക്ക തടഞ്ഞുവെന്ന് ഹസ്സന്‍ റൂഹാനി
ഇതുവരെ 4,43,086 പേരെ ബാധിക്കുകയും 25,394 പേർ കൊല്ലപ്പെടുകയും ചെയ്ത മഹാമാരിക്കെതിരെയുള്ള പോരാട്ടത്തെ നേരിടാൻ ഇറാനെ സഹായിക്കുന്നതിനായി ഏപ്രിൽ മാസത്തിൽ അന്താരാഷ്ട്ര മോണിറ്ററി ഫണ്ടിൽ നിന്ന് അഞ്ച് ബില്യൺ യുഎസ് ഡോളർ വായ്പ തടഞ്ഞ യുഎസിന്‍റെ പ്രവർത്തിയെ അദ്ദേഹം അപലപിച്ചു. യുഎൻ സെക്യൂരിറ്റി കൗൺസിൽ പ്രമേയം 2231 പ്രകാരമുള്ള 'സ്നാപ്പ്ബാക്ക്' സംവിധാനം അനുസരിച്ച് ഇറാനെതിരായ ഉപരോധം വീണ്ടും നടപ്പാക്കുകയാണെന്ന് യുഎസ് സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോ സെപ്റ്റംബർ 19 ന് പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് റൂഹാനിയുടെ പരാമർശം. ഉപരോധം നടപ്പാക്കുന്നതിൽ മറ്റ് രാജ്യങ്ങൾ പരാജയപ്പെട്ടാൽ പ്രത്യാഘാതമുണ്ടാകുമെന്നും പോംപിയോ ഭീഷണിപ്പെടുത്തിയിരുന്നു.
2015 ജൂലൈയിൽ സമഗ്രമായ ആണവകരാറിന് യുകെ, ചൈന, ഫ്രാൻസ്, ജർമ്മനി, റഷ്യ, യുഎസ് എന്നിവ ധാരണയായിരുന്നു. തുടർന്ന് 2018 മെയ് എട്ടിന് യുഎസ് അതിൽ നിന്ന് പിന്മാറി, അന്താരാഷ്ട്ര സമൂഹത്തിന്‍റെ എതിർപ്പിനെ അവഗണിച്ച് ഇറാനെതിരെ ഏകപക്ഷീയമായി ഉപരോധം ഏർപ്പെടുത്തി. ഒക്ടോബർ 18 ന് അവസാനിക്കുന്ന ഇറാനെതിരായ ആയുധ ഉപരോധം നീട്ടാൻ ഓഗസ്റ്റ് 20 ന് യുഎസ് ഏകപക്ഷീയമായി 'സ്നാപ്പ്ബാക്ക്' അഭ്യർഥിക്കുകയായിരുന്നു.