വെനസ്വേലയില്‍ പ്രസിഡന്‍റ് നിക്കോളാസ് മദുറോയെ പുറത്താക്കാന്‍ സൈന്യത്തിന്‍റെ സഹായം തേടി പ്രതിപക്ഷ നേതാവ് ഗെയ്ദോ. പദ്ധതിയുടെ അവസാനഘട്ടത്തിലാണ് താനെന്നാണ് ഗെയ്ദോ വ്യക്തമാക്കിയത്. ഗെയ്ദോയുടെ ആഹ്വാനത്തിന് പിന്നാലെ മദുറോയെ താഴെയിറക്കണമെന്നാവശ്യപ്പെട്ട് ആയിരക്കണക്കിനാളുകള്‍ തെരുവിലിറങ്ങി പ്രതിഷേധിച്ചു.
വെനസ്വേലയില്‍ പ്രസിഡന്‍റിനെ പുറത്താക്കാന്‍ പ്രതിപക്ഷ നേതാവ് സൈന്യത്തിന്‍റെ സഹായം തേടി - ജുവാൻ ഗൊയ്ദോ
പ്രസിഡന്‍റിനെ താഴെയിറക്കണമെന്നാവശ്യപ്പെട്ട് ആയിരക്കണക്കിനാളുകള്‍ തെരുവിലിറങ്ങി പ്രതിഷേധിച്ചു
സൈനിക വേഷത്തിലുള്ളവരോടൊപ്പമുള്ള വീഡിയോ ട്വിറ്ററിലൂടെ പങ്കുവെച്ച ഗെയ്ദോ, സൈന്യം ശരിയായ തീരുമാനമാണ് എടുത്തിട്ടുള്ളതെന്നും ജനങ്ങള്‍ ആര്‍ക്കൊപ്പമാണെന്ന് സൈന്യത്തിന് അറിയാമെന്നും വ്യക്തമാക്കി. ഗെയ്ദോയുടെ നീക്കത്തിനെതിരെ ശക്തമായ എതിര്‍പ്പാണ് ഭരണകക്ഷികളില്‍ നിന്നും ഉയരുന്നത്. പട്ടാള നീക്കം രാജ്യത്തെ കലാപ ബാധിതമാക്കുമെന്ന് അഭിപ്രായപ്പെട്ട പ്രതിരോധ മന്ത്രി വ്ലാദമിര്‍ പാഡ്രിനോ സൈനിക നീക്കത്തെ അവഗണിക്കുമെന്നും കൂട്ടിച്ചേര്‍ത്തു.
ഇതിന് പിന്നാലെ ഗെയ്ദോക്ക് പിന്തുണ പ്രഖ്യാപിച്ച് ആയിരക്കണക്കിന് പേര്‍ കരാക്കാസ് തെരുവിലിറങ്ങി. അക്രമാസക്തമായ റാലിയില്‍ 89 പേര്‍ക്ക് പരിക്കേറ്റു. സൈന്യത്തിന്റെ നിയന്ത്രണം ഏറ്റെടുക്കാന്‍ പ്രതിപക്ഷത്തിന് കഴിയില്ലെന്നായിരുന്നു മദുറോയുടെ സഭാ നേതാവ് ഡിഓസ്ഡാഡോയുടെ പ്രതികരണം. കഴിഞ്ഞ ആഴ്ചകളിലായി മദുറോയെ പുറത്താക്കാനുള്ള ചരടുവലികള്‍ നടത്തിക്കൊണ്ടിരിക്കുകയാണ് ഗെയ്ദോ. പുതിയ തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കണമെന്നാണ് ഗെയ്ദോയുടെ ആവശ്യം. സൈന്യത്തിലെ മേലുദ്യോഗസ്ഥരുടെ വിശ്വാസ്യത നേടിയെടുക്കാനും സര്‍ക്കാര്‍ സ്ഥാപന നിയന്ത്രണം ഏറ്റെടുക്കാനുമുള്ള ശ്രമങ്ങള്‍ മദുറോയും തുടങ്ങിയിട്ടുണ്ട്.