വാഷിങ്ടൺ: മറ്റ് രാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്യുന്നതിനായി യുഎസ് ഫുഡ് ആൻഡ് ഡ്രഗ് അഡ്‌മിനിസ്ട്രേഷൻ അസ്ട്രാസെനെക്കയുടെ കൊവിഡ് വാക്‌സിന് അനുമതി നൽകില്ലെന്ന് ഔദ്യോഗിക വൃത്തങ്ങൾ. വാക്‌സിൻ യുഎസിലെ ഗുണനിലവാരത്തിന് അനുസൃതമായി നിർമ്മിച്ചതാണോ എന്നും സുരക്ഷിതവും ഫലപ്രദവുമാണോ എന്നും ഉറപ്പാക്കുന്നതുവരെ കയറ്റുമതി ചെയ്യില്ലെന്നാണ് സർക്കാർ ഉദ്യോഗസ്ഥർ പറഞ്ഞത്.
സുരക്ഷ ഉറപ്പാകുന്നതുവരെ അസ്ട്രാസെനെക്ക വാക്‌സിൻ കയറ്റുമതി ചെയ്യില്ലെന്ന് യുഎസ്
യുഎസിന്‍റെ സുരക്ഷ, ഫലപ്രാപ്‌തി, ഉൽപാദന നിലവാരം എന്നിവ പാലിക്കാത്ത ഒരു വാക്‌സിനും യുഎസ് കയറ്റുമതി ചെയ്യില്ലെന്നും ഉദ്യോഗസ്ഥർ കൂട്ടിച്ചേർത്തു
എഫ്‌ഡിഎയുടെ സുരക്ഷാ അവലോകനത്തിന് ശേഷം ഇന്ത്യയുൾപ്പെടെ മറ്റ് രാജ്യങ്ങളിലേക്ക് ആസ്ട്രാസെനെക്ക വാക്‌സിൻ ഡോസ് അയക്കുമെന്ന് വൈറ്റ് ഹൗസ് കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. യുഎസിൽ അടിയന്തര ഉപയോഗ അംഗീകാരത്തിനായി അസ്ട്രാസെനെക്ക ഇതുവരെ അപേക്ഷിച്ചിട്ടില്ല. വാക്‌സിന്‍റെ സുരക്ഷ അവലോകനം സമഗ്രമായിരിക്കുമെന്നും ഉദ്യോഗസ്ഥർ അറിയിച്ചിട്ടുണ്ട്. വാക്‌സിനുകൾ കയറ്റുമതി ചെയ്യുന്നതിന് അടിയന്തര ഉപയോഗ അംഗീകാരം ആവശ്യമില്ലെങ്കിലും യുഎസിന്‍റെ സുരക്ഷ, ഫലപ്രാപ്‌തി, ഉൽപാദന നിലവാരം എന്നിവ പാലിക്കാത്ത ഒരു വാക്‌സിനും യുഎസ് കയറ്റുമതി ചെയ്യില്ലെന്നും ഉദ്യോഗസ്ഥർ കൂട്ടിച്ചേർത്തു.