വാഷിങ്ടണ്‍: അഫ്‌ഗാനിസ്ഥാനില്‍ ആവശ്യം വരികയാണെങ്കില്‍ തുടര്‍ന്നും വ്യോമാക്രമണം നടത്തുമെന്ന് അമേരിക്ക. അമേരിക്കന്‍ സൈന്യത്തിന്‍റെ സമ്പൂര്‍ണ പിന്മാറ്റം പൂര്‍ത്തിയായെങ്കിലും ഭാവിയിൽ ഭീഷണി നേരിടേണ്ടി വന്നാല്‍ ഐഎസിനെതിരെ വ്യോമാക്രമണം നടത്തുമെന്ന് പെന്‍റഗണ്‍ പ്രസ് സെക്രട്ടറി ജോണ്‍ കിര്‍ബി വ്യക്തമാക്കി.
അഫ്‌ഗാനിസ്ഥാനില്‍ നിന്ന് അമേരിക്കയുടെ സമ്പൂര്‍ണ സൈനിക പിന്മാറ്റം പൂര്‍ത്തിയായതിന് പിന്നാലെയാണ് അമേരിക്ക നയം വ്യക്തമാക്കിയത്. അമേരിക്കയെ ഉപദ്രവിക്കാൻ ആഗ്രഹിക്കുന്നവരെ വേട്ടയാടുമെന്നും ആത്യന്തികമായ വില നൽകേണ്ടിവരുമെന്നും സൈനിക പിന്മാറ്റത്തിന് പിന്നാലെ അമേരിക്കൻ പ്രസിഡന്‍റ് ജോ ബൈഡന്‍ ഐഎസിന് മുന്നറിയിപ്പ് നൽകിയിരുന്നു.
ചാവേര്‍ ആക്രമണം, അമേരിക്കയുടെ തിരിച്ചടി
കാബൂളിൽ അമേരിക്കൻ സൈനികർക്ക് നേരെയും അഫ്‌ഗാന്‍ പൗരൻമാർക്ക് നേരെയും ഐഎസ് ഭീകരർ ചാവേർ ആക്രമണം നടത്തിയിരുന്നു. സംഭവത്തില്‍ 13 അമേരിക്കൻ സൈനികർ ഉൾപ്പെടെ 169 പേരാണ് കൊല്ലപ്പെട്ടത്. തിരിച്ചടിച്ച അമേരിക്ക ചാവേര്‍ ആക്രമണം ആസൂത്രണം ചെയ്‌ത ഐസ് ഭീകരനെ വ്യോമാക്രമണത്തിലൂടെ വധിച്ചതായി അറിയിച്ചിരുന്നു.
ഓഗസ്റ്റ് 30 അര്‍ധരാത്രിയോടെയാണ് 20 വർഷത്തെ സൈനിക സാന്നിധ്യം അവസാനിപ്പിച്ച് അമേരിക്ക സൈനിക പിന്മാറ്റം പൂര്‍ത്തിയാക്കിയത്. ഓഗസ്റ്റ് 31 ഓടെ അഫ്‌ഗാനിലെ തങ്ങളുടെ സൈനികരെ പൂർണമായും പിൻവലിക്കുമെന്ന് വ്യക്തമാക്കിയ അമേരിക്ക നിശ്ചയിച്ച തീയതിക്ക് ഒരു ദിവസം മുമ്പ് സൈനിക പിന്മാറ്റം പൂര്‍ത്തിയാക്കുകയായിരുന്നു.
Read more: അവസാന യു.എസ് വിമാനവും അഫ്ഗാൻ വിട്ടു; ദൗത്യം പൂര്‍ത്തിയായെന്ന് ബൈഡൻ