വാഷിങ്‌ടൺ: റഷ്യയും ഉക്രെയ്‌നും തമ്മിൽ വർധിച്ചുവരുന്ന സംഘർഷം ലഘൂകരിക്കുന്നതിൽ ഇന്ത്യയുടെ പങ്കിനെ സ്വാഗതം ചെയ്യുമെന്ന് അമേരിക്ക. ഇത് സംബന്ധിച്ച് നിരവധി സഖ്യകക്ഷികളുമായും പങ്കാളികളുമായും സമ്പർക്കത്തിലേർപ്പെട്ടിട്ടുണ്ടെന്നും എന്നാൽ ഇന്ത്യൻ ഉദ്യോഗസ്ഥരുമായി ഇതുവരെ ചർച്ചകളിലേർപ്പെട്ടിട്ടില്ലെന്നും വൈറ്റ് ഹൗസ് വക്താവ് ജെൻ സാകി അറിയിച്ചു.
മേഖലയിൽ വർധിച്ച് വരുന്ന ആശങ്കകള്‍ക്ക് കാരണം റഷ്യയാണെന്നാണ് അമേരിക്കയുടെ ആരോപണം. റഷ്യ അധിനിവേശത്തിന് തയാറെടുക്കുകയാണെന്നും കടന്നു കയറ്റമുണ്ടായാൽ കനത്ത തിരിച്ചടി നേരിടേണ്ടി വരുമെന്നും പ്രസിഡന്‍റ് ജോ ബൈഡൻ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഉക്രെയ്‌ന് പിന്തുയുമായി 8,500ഓളം യുഎസ് സൈനികരെ മേഖലയിൽ നിയോഗിച്ചിട്ടുണ്ടെന്ന് യുഎസ് പ്രതിരോധ വകുപ്പ് വക്താവ് ജോൺ കിർബിയും അറിയിച്ചു.