വാഷിങ്ടൺ: യുഎസ് സൈനികർ അഫ്‌ഗാനിസ്ഥാനിൽ നിന്ന് പിൻവാങ്ങുന്ന സാഹചര്യത്തിലും അഫ്‌ഗാനിസ്ഥാൻ സർക്കാരുമായും ജനങ്ങളുമായുമുള്ള ഉടമ്പടി തുടരുമെന്ന് അമേരിക്കൻ ദേശീയ സുരക്ഷ ഉപദേഷ്ടാവ് ജേക്ക് സള്ളിവൻ പറഞ്ഞു. നേരത്തെ സെപ്റ്റംബർ 11നകം എല്ലാ അമേരിക്കൻ സൈനികരെയും അഫ്‌ഗാനിസ്ഥാനിൽ നിന്ന് പിൻവലിക്കുമെന്ന് പ്രസിഡന്‍റ് ജോ ബൈഡന്‍റെ പ്രഖ്യാപിച്ചിരുന്നു.
അഫ്‌ഗാൻ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ഹംദുള്ള മോഹിബുമായി ടെലിഫോണ്‍ സംഭാഷണം നടത്തിയ സള്ളിവൻ അഫ്‌ഗാൻ ദേശീയ പ്രതിരോധ, സുരക്ഷാ സേനക്ക് സഹായം തുടരാനുള്ള യുഎസിന്‍റെ പദ്ധതികളും അഫ്‌ഗാൻ ജനതയെ സഹായിക്കുന്നതിനുള്ള സിവിലിയൻ സഹായവും വിശദീകരിച്ചു. അഫ്‌ഗാനിസ്ഥാനിലെ യുദ്ധം അവസാനിപ്പിക്കുന്നതിനായുള്ള രാഷ്ട്രീയ ഒത്തുതീർപ്പിന്‍റെ പ്രാധാന്യം ഉൾപ്പെടെയുള്ള കാര്യങ്ങൾ ദേശീയ സുരക്ഷാ ഉപദേഷ്ടാക്കൾ ചർച്ചചെയ്തു.