വാഷിങ്ടണ്‍: അമേരിക്ക തങ്ങളുടെ അഫ്‌ഗാനിസ്ഥാൻ നയതന്ത്ര പ്രവർത്തനങ്ങൾ ഖത്തറിലേക്ക് മാറ്റുകയാണെന്ന് സ്റ്റേറ്റ് സെക്രട്ടറി ആന്‍റണി ബ്ലിങ്കൻ. അമേരിക്കൻ സൈന്യം അഫ്‌ഗാനിസ്ഥാനിൽ നിന്നും പൂർണമായും പിൻവാങ്ങിയതിന് പിന്നാലെ കാബൂളിലെ നയതന്ത്ര പ്രവർത്തനം താത്കാലികമായി നിർത്തിവച്ചതായി ബ്ലിങ്കൻ അറിയിച്ചിരുന്നു.
അഫ്‌ഗാനിസ്ഥിലെ നയതന്ത്ര കാര്യം ഇനി ദോഹ, ഖത്തർ കേന്ദ്രീകരിച്ചായിരിക്കും. അഫ്‌ഗാനിസ്ഥാനിലെ സുരക്ഷ സാഹചര്യം കണക്കിലെടുത്താണ് നയതന്ത്ര കാര്യങ്ങൾ ഖത്തറിലേക്ക് മാറ്റുന്നത്. ഇതിന്‍റെ ഭാഗമായി ഒരു സംഘത്തിന് രൂപം നൽകുമെന്നും ബ്ലിങ്കൻ പറഞ്ഞു.
അഫ്‌ഗാൻ തയതന്ത്ര പ്രവർത്തനം വരും കാലങ്ങളിലും തുടരും. അമേരിക്ക ഉൾപ്പെടെ പല രാജ്യങ്ങളും അഫ്‌ഗാനിൽ ഉള്ളവരെ സുരക്ഷിതമായി മറ്റ് രാജ്യങ്ങളിലേക്ക് എത്തിച്ചിട്ടുണ്ട്. തുടർന്നുള്ള ദിവസങ്ങളിലും കൂടുതൽ പേര ഇത്തരത്തിൽ സുരക്ഷിതമായി രക്ഷിക്കാനാവുമെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം പറഞ്ഞു.
അഫ്‌ഗാനിലുള്ളത് 200ൽ താഴെ അമേരിക്കക്കാർ
അഫ്‌ഗാനിസ്ഥാനിൽ ഇപ്പോഴും 200 താഴെ അമേരിക്കൻ പൗരൻമാർ ഉണ്ടെന്ന് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്‍റ് റിപ്പോർട്ട് ചെയ്തിട്ടുണ്ട്. അവർ അത്ര പേരാണന്നത് കൃത്യമായി നിർണയിക്കാനും അവരുമായി ബന്ധപ്പെടാനുമുള്ള പ്രവർത്തനങ്ങൾ നടക്കുകയാണ്. അമേരിക്കൻ പാസ്പോർട്ടുകൾ കൈവശമുള്ളവർ അഫ്ഗാൻ വിടുന്ന കാര്യം തീരുമാനിച്ചോ എന്ന കാര്യം സ്ഥിരീകരിക്കാൻ ശ്രമങ്ങൾ നടക്കുന്നുണ്ടെന്നും മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.