കേരളം

kerala

ETV Bharat / international

അഫ്‌ഗാനില്‍ നിന്നുള്ള സൈനിക പിന്മാറ്റത്തിന്‍റെ അവസാനഘട്ടം മെയ്‌ ഒന്നിന് ആരംഭിക്കുമെന്ന് ബൈഡൻ

മേഖലയിലെ ഭീകരരുടെ നീക്കങ്ങളില്‍ തങ്ങളുടെ കണ്ണ് എപ്പോഴുമുണ്ടാകുമെന്ന് അമേരിക്കൻ പ്രസിഡന്‍റ് ജോ ബൈഡൻ.

joe biden latest news  us army latest news  ജോ ബൈഡൻ  അമേരിക്കൻ സൈന്യം  അഫ്‌ഗാനിസ്ഥാൻ  താലിബാൻ  taliban us issue
ബൈഡൻ

By

Published : Apr 15, 2021, 4:11 AM IST

വാഷിങ്ടണ്‍:അഫ്‌ഗാനിസ്ഥാനില്‍ നിന്ന് അമേരിക്കൻ സൈനികരെ പിൻവലിക്കുന്ന നടപടിയുടെ അവസാനഘട്ടം മെയ്‌ ഒന്നിന് ആരംഭിക്കുമെന്ന് അമേരിക്കൻ പ്രസിഡന്‍റ് ജോ ബൈഡൻ. സെപ്റ്റംബർ 11 ലെ ഭീകരാക്രമണത്തിന്റെ ഇരുപതാം വാർഷികത്തിന് മുന്നോടിയായി അമേരിക്ക അഫ്ഗാനിസ്ഥാനിൽ നിന്ന് സൈനികരെ പൂര്‍ണമായും പിൻവലിക്കുമെന്നും ജോ ബൈഡൻ പറഞ്ഞു. എന്നാല്‍ മേഖലയിലെ ഭീകരരുടെ നീക്കങ്ങളില്‍ തങ്ങളുടെ കണ്ണ് എപ്പോഴുമുണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അമേരിക്കൻ സേനയ്‌ക്കോ അമേരിക്കൻ സഖ്യങ്ങള്‍ക്കോ ​​നേരെയുള്ള താലിബാൻ ആക്രമണത്തോട് പ്രതികരിക്കാൻ എല്ലാ ഉപകരണങ്ങളും അമേരിക്ക ഉപയോഗിക്കുമെന്നും ബൈഡൻ പറഞ്ഞു. “ഞങ്ങൾ മേഖലയില്‍ നിന്ന് പിന്മാറുന്നതിന് പിന്നാലെ ഞങ്ങൾക്കും ഞങ്ങളുടെ പങ്കാളികൾക്കും നേരെ താലിബാൻ ആക്രമണം നടത്തിയാല്‍ ശക്തമായ പ്രതികരണം ഞങ്ങളുടെ ഭാഗത്ത് നിന്നുണ്ടാകുമെന്ന് താലിബാൻ മനസിലാക്കണം” ബൈഡൻ പറഞ്ഞു. അഫ്ഗാനിസ്ഥാനെ പിന്തുണയ്ക്കാൻ മറ്റ് രാജ്യങ്ങളോട് ആവശ്യപ്പെടുമെന്നും അദ്ദേഹം പറഞ്ഞു. മേഖലയിലെ മറ്റ് രാജ്യങ്ങളോട് പാകിസ്ഥാനോട് മാത്രമല്ല, റഷ്യ, ചൈന, ഇന്ത്യ, തുർക്കി എന്നിവയോടും അഫ്ഗാനിസ്ഥാന് പിന്തുണ വർധിപ്പിക്കാൻ ആവശ്യപ്പെടുമെന്നും അദ്ദേഹം പറഞ്ഞു.

20 വർഷത്തിനുശേഷം അഫ്ഗാനിസ്ഥാനിലെ യുദ്ധം അമേരിക്ക അവസാനിപ്പിക്കുകയാണെന്നും സെപ്റ്റംബർ 11 ലെ ഭീകരാക്രമണത്തിന്‍റെ വാർഷികത്തിന് മുമ്പ് അമേരിക്കൻ സൈനികരെ രാജ്യത്ത് നിന്ന് പിൻവലിക്കുന്നത് പൂർത്തിയാക്കുമെന്നും ബൈഡൻ സര്‍ക്കാരിലെ മുതിർന്ന ഉദ്യോഗസ്ഥൻ പറഞ്ഞതിന് പിന്നാലെയാണ് സര്‍ക്കാര്‍ നയം ബൈഡൻ വ്യക്തമാക്കിയത്.

താലിബാനുമായുള്ള ചർച്ചയ്‌ക്ക് പിന്നാലെ മെയ് ഒന്നിന് മുമ്പ് എല്ലാ അമേരിക്കൻ സൈനികരെയും അഫ്‌ഗാനില്‍ നിന്ന് പിൻവലിക്കുമെന്ന് മുൻ അമേരിക്കൻ പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപ് പ്രഖ്യാപിച്ചിരുന്നു. സമയപരിധിക്കുള്ളിൽ വിദേശ സൈനികർ രാജ്യം വിട്ടില്ലെങ്കില്‍ യുഎസ്, നാറ്റോ ഉദ്യോഗസ്ഥർക്കെതിരായ ആക്രമണം വീണ്ടും ആരംഭിക്കുമെന്ന് താലിബാൻ മുന്നറിയിപ്പ് നല്‍കുകയും ചെയ്‌തിരുന്നു.

അതിനാല്‍ തന്നെ സേന പിന്മാറ്റം വൈകുന്നതില്‍ താലിബാൻ അതൃപ്‌തി പ്രകടിപ്പിച്ചിട്ടുണ്ട്. അഫ്ഗാനിസ്ഥാനിലെ വിദേശ സൈനിക സാന്നിധ്യം അവസാനിക്കുന്നതുവരെ ഏതെങ്കിലും പൊതു സമ്മേളനത്തിൽ പങ്കെടുക്കുന്നതിൽ നിന്ന് വിട്ടുനിൽക്കുമെന്ന് താലിബാൻ വക്താവ് മുഹമ്മദ് നയീം വർദക് ചൊവ്വാഴ്ച വ്യക്തമാക്കിയിരുന്നു. “എല്ലാ വിദേശ ശക്തികളും നമ്മുടെ മാതൃരാജ്യത്ത് നിന്ന് പൂർണ്ണമായും പിന്മാറുന്നതുവരെ, അഫ്ഗാനിസ്ഥാനെക്കുറിച്ച് തീരുമാനമെടുക്കുന്ന ഒരു സമ്മേളനത്തിലും ഇസ്ലാമിക് എമിറേറ്റ് പങ്കെടുക്കില്ല,” വാർഡക് ട്വീറ്റ് ചെയ്തു.

ഔദ്യോഗികമായി, അഫ്ഗാനിസ്ഥാനിൽ 2500 യുഎസ് സൈനികരുണ്ടെങ്കിലും ഈ കണക്കില്‍ വ്യത്യാസം വരാനിടയുണ്ട്. ആയിരത്തോളം അധികം അമേരിക്കൻ സൈനികര്‍ മേഖലയിലുണ്ട്. ഇത് കൂടാതെ 7,000 വിദേശ സൈനികരും ഇവിടെയുണ്ട്. അവരില്‍ ഭൂരിഭാഗവും നാറ്റോ സൈനികരാണ്.ആരോഗ്യം, വിദ്യാഭ്യാസം, സ്ത്രീകളുടെ അവകാശങ്ങൾ എന്നിവയിൽ കഴിഞ്ഞ രണ്ട് ദശകങ്ങളായി നേടിയ നേട്ടങ്ങളെ അപകടത്തിലാക്കിക്കൊണ്ട് യുഎസ് പുറത്തുകടക്കുന്നത് കാബൂൾ സർക്കാരിന്‍റെ തകർച്ചയിലേക്ക് നയിക്കുമെന്ന് ചില ഉദ്യോഗസ്ഥർ മുന്നറിയിപ്പ് നൽകിയിട്ടുണ്ടെന്ന് റിപ്പോര്‍ട്ടുകളുണ്ട്.

ABOUT THE AUTHOR

...view details