അധികാരത്തിനായി അത്യാര്‍ത്തിയോടെ പാഞ്ഞു നടക്കുന്ന ഒരാളെ കാണണമെങ്കില്‍ ഡൊണാള്‍ഡ് ട്രംപിനെയല്ലാതെ മറ്റാരേയും നോക്കേണ്ടി വരില്ല. നോബല്‍ സമാധാന സമ്മാനത്തിനായി ഒരു വശത്ത് അഭിലഷിക്കുമ്പോള്‍ തന്നെ മറുവശത്ത് രണ്ടാം തവണയും പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെടാന്‍ ട്രംപ് ആഗ്രഹിക്കുന്നു. ഈ ലക്ഷ്യങ്ങള്‍ കൈവരിക്കുന്നതിനു വേണ്ടി അദ്ദേഹം ലോക രാഷ്ട്രങ്ങളെ നരക തുല്യമാക്കുകയാണ്. ഇക്കാരണത്താല്‍ തന്നെ മദ്ധ്യ പൂര്‍വഏഷ്യ, അഫ്ഗാനിസ്ഥാന്, വെനിസുല തുടങ്ങിയ നിര്‍ണ്ണായക ഭൂരാഷ്ട്രീയ മേഖലകളിലെല്ലാം സമാധാനം ഇല്ലാതായിരിക്കുന്നു. തെരഞ്ഞെടുപ്പിനു വെറും 9 മാസം മാത്രം ബാക്കി നില്‍ക്കെ തന്റെ വിശ്വസ്ഥരെ മുഴുവന്‍ വിധിക്കു വിട്ട് സ്വന്തം താല്‍പ്പര്യങ്ങള്‍ മാത്രം സംരക്ഷിക്കുവാന്‍ പാഞ്ഞു നടക്കുകയാണ് ട്രംപ്. ലാഭ നഷ്ട കണക്കുകള്‍ മാത്രമെ ട്രമ്പിലെ ബിസിനസുകാരന് കണക്കു കൂട്ടുന്നുള്ളൂ. യു എസ്-താലിബാന് സമാധാന കരാറാണ് ഏറ്റവും അടുത്തുണ്ടായ അതിനുള്ള ഉദാഹരണം.
അമേരിക്കന്‍ പ്രതിനിധി ജാമെ ഖാലിസാദും താലിബാന് കമാന്‍ഡര്‍ മുല്ല ബരാദറും ഖത്തറിലെ ദോഹയില്‍ ഈ കരാറില്‍ ഒപ്പു വെച്ചു. പാകിസ്ഥാന്, ചൈന, തുര്‍ക്കി, ഇന്ത്യോനേഷ്യ എന്നിവിടങ്ങളില്‍ നിന്നുള്ള പ്രതിനിധികളും കരാറില്‍ പങ്കു ചേര്‍ന്നു. ഈ കരാറിലൂടെ അടുത്ത 14 മാസങ്ങള്‍ക്കുള്ളില്‍ തങ്ങളുടെ സൈന്യത്തെ അഫ്ഗാനിസ്ഥാനില്‍ നിന്നും പിന് വലിക്കാന്‍ യു എസ് സമ്മതിക്കുന്നു. ഇതിനു പുറമേ, അഫ്ഗാന് സര്‍ക്കാരും താലിബാനും തമ്മിലുള്ള ചര്‍ച്ചകള്‍ക്കും ഈ കരാര്‍ വഴിവെക്കുമെന്ന് പ്രതീക്ഷിക്കുന്നു. ഈ ചര്‍ച്ചകള്‍ വിജയകരമായാല്‍ 2014 ഡിസംബറില്‍ തുടക്കം കുറിച്ച ഓപ്പറേഷന് റസല്യൂട്ട് സപ്പോര്‍ട്ട് എന്ന ദൗത്യത്തില്‍ നിന്നും പുറത്തു കടക്കാന്‍ യു എസിനു കഴിഞ്ഞേക്കും. യഥാര്‍ത്ഥത്തില്‍ 2001ല്‍ തുടങ്ങിയ ഓപ്പറേഷന് എന്ഡ്യുറിങ്ങ് ഫ്രീഡം 2014-ല്‍ അവസാനംകുറിച്ചെങ്കിലും താലിബാനുമായിട്ടുള്ള പോരാട്ടങ്ങള്‍ തുടര്‍ന്നു വന്നു. 2014 മുതല്‍ അമേരിക്കന്‍ സേനക്കു പകരം അഫ്ഗാന് സേനയാണ് താലിബാനുമായി ഏറ്റുമുട്ടുന്നത്. അതിനുള്ള പിന്തുണ മാത്രമേ അമേരിക്ക നല്‍കുന്നുള്ളൂ. സമാധാന ചര്‍ച്ചകള്‍ ശുഭമായി പര്യവസാനിച്ചാല്‍ 18 വര്‍ഷമായി തുടരുന്ന രക്തരൂക്ഷിത യുദ്ധം അവസാനിക്കും. കരാറിനെ കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക് ജാഗ്രതയോടെയാണ് മറുപടി നല്‍കിയത് യു എസ് ആഭ്യന്തര സെക്രട്ടറി മൈക്ക് പോമ്പിയൊ. അഫ്ഗാന്റെ മണ്ണില്‍ നിന്നും ഭീകര പ്രവര്‍ത്തനത്തെ തുടച്ചു മാറ്റിയാല്‍ മാത്രമേ അമേരിക്കയും സഖ്യ കക്ഷികളും വിജയിക്കുകയുള്ളൂ എന്ന് അദ്ദേഹം പറഞ്ഞു. നിലവിലുള്ള സ്ഥിതിഗതികള്‍ വെച്ചു നോക്കുമ്പോള്‍ പോംമ്പിയോയുടെ സ്വപ്നം ഒരു മരീചിക പോലെ തോന്നിക്കുന്നു. അതേസമയം മറുവശത്ത്, താലിബാന്റെ രാഷ്ട്രീയ തലവന്‍ ഷേര്‍ മുഹമ്മദ് അബ്ബാസ് ഇത് തങ്ങളുടെ വിജയം തന്നെയാണെന്ന് അവകാശപ്പെട്ടു. ഈ സമാധാന കരാറിനെ തന്ത്രപരമായ ഒരു കരാര്‍ എന്നാണ് താലിബാന് വിളിക്കുന്നതെന്ന് ദി ഗാഡിയന്‍ പോലുള്ള മാധ്യമങ്ങള്‍ പറഞ്ഞു.
അഫ്ഗാനിസ്ഥാനില്‍ നിന്നും എത്രയും പെട്ടെന്ന് സാധ്യമാവുമോ അത്രയും പെട്ടെന്ന് ഒഴിഞ്ഞു പോകാനുള്ള യു എസിന്റെ നിരാശയോടെയുള്ള നീക്കമാണ് ഈ കരാറിലെ ഓരോ വാക്കുകളും സൂചിപ്പിക്കുന്നത്. അടുത്ത 14 മാസങ്ങളില്‍ മൊത്തം സൈന്യത്തേയും പിന്‍വലിക്കുന്നതിന്റെ ഭാഗമായി അടുത്ത ആദ്യ 135 ദിനങ്ങളില്‍ 5 സൈനിക കേന്ദ്രങ്ങള്‍ പൂര്‍ണ്ണമായും ഒഴിപ്പിക്കപ്പെടും. 8600 അമേരിക്കന്‍ ഭടന്മാരും അതുപോലുള്ള സഖ്യ കക്ഷി സൈനിക സംഘങ്ങളും പിന് വലിക്കപ്പെടും. ഐക്യരാഷ്ട്ര സഭ, യു എസ് ഉപരോധങ്ങള്‍ പിന് വലിക്കുന്നതും കരാറില്‍ ഉള്‍പ്പെടുന്ന കാര്യമാണ്. യു എസ് എന്താണ് ചെയ്യേണ്ടത് എന്നതിനെ കുറിച്ചുള്ള പരാമര്‍ശവും അതിനുള്ള കൃത്യമായ ദിവസങ്ങളും കാലയളവും എല്ലാം തന്നെ കരാറിന്റെ ആദ്യ ഭാഗങ്ങളിലുണ്ട്. പക്ഷെ താലിബാന് എന്താണ് ചെയ്യേണ്ടത് എന്ന് പ്രതീക്ഷിക്കുന്ന നടപടികളെ കുറിച്ച് ഒന്നും തന്നെ രണ്ടാം ഭാഗത്തില്‍ കാണുന്നില്ല. അല്‍ ഖ്വയ്ദ പോലുള്ള മറ്റ് ഭീകര സംഘടനകളുമായുള്ള ബന്ധം താലിബാന് അവസാനിപ്പിക്കണമെന്ന് കരാറില്‍ നിബന്ധനയുണ്ട്. അല്‍ ഖ്വയ്ദ യെ പിന്തുണക്കുന്നതിനായി തങ്ങളുടെ സാമ്രാജ്യം തന്നെ വിട്ടൊഴിഞ്ഞതാണ് താലിബാന്. പിന്നെ അവരെന്തിന് ട്രമ്പിനു വേണ്ടി എല്ലാം അവസാനിപ്പിക്കണം? രണ്ടാം ഭാഗത്തിലെ അഞ്ചാമത്തെ പോയിന്റ് ഒരു അപകടകരമായ സൂചനയാണ് നല്‍കുന്നത്. അമേരിക്കയുടെയും അതിന്റെ സഖ്യ കക്ഷികളുടേയും സുരക്ഷക്ക് ഭീഷണിയാകുന്ന ആര്‍ക്കും തന്നെ താലിബാന് വിസയോ പാസ്പോര്‍ട്ടോ യാത്രാ അനുമതികളോ നല്‍കുന്നത് നിരോധിച്ചിരിക്കുന്നു. അഫ്ഗാനിസ്ഥാനിലെ താലിബാന് ഭരണകൂടത്തെ പരോക്ഷമായി അംഗീകരിക്കുന്നു. താലിബാന് സ്വയം പ്രഖ്യാപിച്ച ഇസ്ലാമിക് എമിറേറ്റ് ഓഫ് അഫ്ഗാനിസ്ഥാനെയാണ് സര്‍വ്വ ശക്തിയോടെയും യു എസ് പ്രതിരോധിച്ചത് എന്നോര്‍ക്കണം. കരാറിലെ വ്യവസ്ഥകള്‍ താലിബാന് പാലിക്കപ്പെടാതിരുന്നാല്‍ തങ്ങള്‍ തിരികെ വരുമെന്ന് അമേരിക്ക പറയുന്നു. 14 മാസത്തെ കാലയളവാണ് അതിന് നല്‍കിയിരിക്കുന്നത്. ഇക്കാലയളവിനുള്ളില്‍ അമേരിക്കയുടെ പ്രസിഡന്റു തിരഞ്ഞെടുപ്പ് പൂര്‍ത്തിയായി കഴിഞ്ഞാല്‍ രാഷ്ട്രീയ സമ്മര്‍ദ്ദങ്ങളില്‍ നിന്നും നേതൃത്വം മുക്തമാവുകയും അത് ഒരു മനം മാറ്റത്തിന് കാരണമാവുകയും ചെയ്യും. അഫ്ഗാനിസ്ഥാനില്‍ നിലവിലുള്ള രാഷ്ട്രീയ അനിശ്ചിതത്വവും സമാധാന കരാറിന് ഒരു പ്രതിബന്ധം ആയേക്കും. 50.64% വോട്ട് പങ്കാളിത്തം നേടികൊണ്ട് അഷ്റഫ് ഗനി, 39.52% വോട്ട് പങ്കാളിത്തം നേടിയ എതിരാളി അബ്ദുള്ളയെ തോല്‍പ്പിച്ചതായി തെരഞ്ഞെടുപ്പ് കമ്മീഷന് പ്രഖ്യാപിച്ചു എങ്കിലും ഫലം സ്വീകാര്യമല്ലെന്നാണ് അബ്ദുള്ള പറയുന്നത്. മുന്‍ തിരഞ്ഞെടുപ്പുകളില്‍ ഇത്തരം പ്രശ്നങ്ങള്‍ തലപൊക്കിയപ്പോള്‍ അമേരിക്ക ഗനിയെ പ്രസിഡന്റ് സ്ഥാനത്തേക്ക് പാട്ടിലാക്കിയെടുക്കുകയും ചീഫ് എക്സിക്യൂട്ടീവ് ആയി അബ്ദുള്ളയെ നിയമിക്കുകയും ചെയ്തിരുന്നു. പക്ഷെ ഇത്തവണ താലിബാനുമായി കരാറുണ്ടാക്കുന്ന തിരക്കിലാണ് അമേരിക്ക. താലിബാനുമായുള്ള ചര്‍ച്ചകള്‍ പൂര്‍ത്തിയാകുന്നതുവരെ രാഷ്ട്രീയ വൈരങ്ങള്‍ മാറ്റി വെക്കുന്നതിനായി റഷ്യ പോലുള്ള രാജ്യങ്ങള്‍ ഇവിടുത്തെ നേതാക്കളോട് ആഹ്വാനം ചെയ്യുന്നു. ഗനി അഫ്ഗാനിസ്ഥാന്റെ പ്രസിഡന്റായി തുടരുമെങ്കിലും നിലവിലെ സമാധാന ചര്‍ച്ചകളുടെ കാര്യത്തില്‍ ഒരു രാഷ്ട്രീയ അഭിപ്രായ സമന്വയം ഉണ്ടാകാതെ പോയാല്‍ പ്രശ്നങ്ങള്‍ വീണ്ടും തലപൊക്കുക തന്നെ ചെയ്യും.