വാഷിങ്ടൺ: പ്രശസ്ത ഫോട്ടോജേണലിസ്റ്റും പുലിറ്റ്സർ പുരസ്കാര ജേതാവുമായ ഡാനിഷ് സിദ്ദിഖിയുടെ കൊലപാതകത്തിൽ അനുശോചിച്ച് ബൈഡൻ ഭരണകൂടവും യുഎസ് നിയമനിർമാതാക്കളും. അഫ്ഗാൻ സൈനികരും താലിബാൻ തീവ്രവാദികളും തമ്മിലുള്ള ഏറ്റുമുട്ടലിനിടെയാണ് ഡാനിഷ് സിദ്ദിഖി കൊല്ലപ്പെടുന്നത്. റോയിട്ടേഴ്സിനു വേണ്ടി കാണ്ഡഹാറിലെ സ്പിന്‍ ബോല്‍ദാക്ക് ജില്ലയില്‍ സംഘര്‍ഷം റിപ്പോര്‍ട്ട് ചെയ്യുകയായിരുന്നു.
ലോകത്തെ പല വെല്ലുവിളി നിറഞ്ഞ പ്രശ്നങ്ങളിലും വാർത്തകൾക്ക് പിന്നിലെ മാനുഷിക മുഖവും വികാരാധീനതയും ഡാനിഷിന്‍റെ ചിത്രങ്ങൾ വെളിച്ചത്തു കൊണ്ടുവന്നുവെന്നും അദ്ദേഹത്തിന്‍റെ കൊലപാതകം റോയിട്ടേഴ്സിനു മാത്രമല്ല, ലോകത്തിന് മുഴുവൻ നഷ്ടമാണെന്നും ബൈഡൻ ഭരണകൂടം പറഞ്ഞു. അഫ്‌ഗാനിസ്ഥാനിൽ നിരവധി മാധ്യമപ്രവർത്തകരാണ് കൊല്ലപ്പെടുന്നത്. അക്രമം അവസാനിപ്പിക്കണമെന്നും സമാധാന മാർഗമാണ് അഫ്‌ഗാൻ പ്രശ്നത്തിന് ഏക പോംവഴിയെന്നും ബൈഡൻ ഭരണകൂടം അറിയിച്ചു.
മാധ്യമപ്രവർത്തകരുടെ ജീവന് സംരക്ഷണം വേണം
സിദ്ധിഖിയുടെ കൊലപാതകത്തിൽ സെനറ്റ് ഫോറിൻ റിലേഷൻസ് കമ്മിറ്റി റാങ്കിംഗ് അംഗം ജിം റിഷ് അനുശോചനം രേഖപ്പെടുത്തി. ഡാനിഷ് സിദ്ധിഖിയുടെ മരണം മാധ്യമപ്രവർത്തകർ ഏറ്റെടുക്കുന്ന അപകട സാധ്യതകളെ ഓർമപ്പെടുത്തുകയാണെന്നും ഒരു മാധ്യമപ്രവർത്തകനും തന്‍റെ ജോലി ചെയ്തതിന്‍റെ പേരിൽ കൊല്ലപ്പെടരുതെന്നും അദ്ധേഹം പറഞ്ഞു.