വാഷിങ്ടൺ: അമേരിക്കൻ പ്രസിഡന്‍റ് തെരഞ്ഞെടുപ്പിൽ ജോ ബിഡന്‍റെ വിജയത്തിൽ പ്രധാന പങ്കുവഹിച്ച ഇന്ത്യൻ വംശജരുടെ സംഘടന സൗത്ത് ഏഷ്യന്‍സ് ഫോർ അമേരിക്ക (സാഫ) എന്ന സംഘടന രൂപീകരിക്കുന്നതായി പ്രഖ്യാപിച്ചു.
ലീഡേഴ്സ് ഫ്രം സൗത്ത് ഏഷ്യന്‍സ് ഫോർ ബിഡന്‍ (സാബ്) ആണ് സാഫ രൂപീകരിക്കുന്നത്. 2020 ലെ പൊതു തെരഞ്ഞെടുപ്പും ജോർജിയ സെനറ്റ് തെരഞ്ഞെടുപ്പ് എന്നിവയിലെ തകർപ്പന്‍ വിജയങ്ങളിൽ നിന്നും ആത്മവിശ്വാസം ഉൾക്കൊണ്ടാണ് ഇങ്ങനെയൊരു സംഘടന രൂപീകരിക്കാന്‍ തീരുമാനം. ദക്ഷിണേഷ്യൻ പ്രവാസ സമൂഹത്തിന്‍റെ രാഷ്ട്രീയ ശക്തി വർദ്ധിപ്പിക്കുന്നതിന് സാഫ പ്രതിജ്ഞാബദ്ധമാണ്.
നാഗരിക ഇടപെടൽ, രാഷ്ട്രീയ പങ്കാളിത്തം, ദക്ഷിണ ഏഷ്യക്കാരുടെ ശൃംഖല എന്നിവ വർദ്ധിപ്പിക്കുകയാണ് ലക്ഷ്യമെന്നും സാബ് പറഞ്ഞു. ഖിസ്ർ ഖാൻ, അറ്റോർണി നീൽ കത്യാൽ, ഗേൾസ് ഹു കോഡ് സ്ഥാപകനും സിഇഒയുമായ രേഷ്മ സൗജാനി, നടിയും ഗായികയുമായ അരിയാന അഫ്‌സർ, നീന ദാവൂലൂരി, ഫർഹാൻ താഹിർ, ഫൗസിയ മിർസ എന്നിവരെ ഉൾപ്പെടുത്തി മെയ് ആറിന് സംഘടന ഔദ്യോഗികമായി ആരംഭിക്കും. ഉദ്ഘാടന ചടങ്ങിൽ രാജ കൃഷ്ണമൂർത്തി, വിർജീനിയ സ്റ്റേറ്റ് സെനറ്റർ ഗസാല ഹാഷ്മി, പെൻസിൽവാനിയ ഓഡിറ്റർ ജനറൽ നീന അഹമ്മദ്, വെർമോണ്ട് സ്റ്റേറ്റ് സെനറ്റർ കേശ റാം എന്നിവരും പങ്കെടുക്കും.
തെക്കൻ ഏഷ്യക്കാരെ ശാക്തീകരിക്കുന്നതിനായി ഒരു സംഘടനയുടെ ആവശ്യകത 2020 ലെ തെരഞ്ഞെടുപ്പ് പ്രകടമാക്കിയിരുന്നതായി സാബിന്‍റെ ദേശീയ ഡയറക്ടർ നേഹ ദവാന്‍ പറഞ്ഞു. ഇന്ത്യ, പാകിസ്ഥാൻ, ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാൻ, ശ്രീലങ്ക, നേപ്പാൾ, ഭൂട്ടാൻ, മാലിദ്വീപ് എന്നിവിടങ്ങളിൽ നിന്ന് വൈവിധ്യമാർന്ന വിശ്വാസ പാരമ്പര്യങ്ങൾ, ഭാഷകൾ, കുടിയേറ്റം എന്നിവയെല്ലാം ഒത്തുചേരുന്നതാവും ഈ സംഘടനയെന്നും അവർ കൂട്ടിച്ചേർത്തു. തെരഞ്ഞെടുപ്പ് ഫലത്തിൽ മാറ്റം വരുത്തിയ ഒരു സംഘടനയാണ് ഇതെന്നും ഡെമോക്രാറ്റിക് നാഷണൽ കമ്മിറ്റിയുടെ ലിയോംഗ്ഹിംഗ് പറഞ്ഞു.