വാഷിങ്‌ടണ്‍: ഉക്രൈൻ അതിർത്തിയിൽ നിന്ന് സൈന്യത്തെ പിന്‍വലിച്ചെന്ന റഷ്യയുടെ അവകാശവാദത്തെ തള്ളി അമേരിക്കന്‍ പ്രസിഡന്‍റ് ജോ ബൈഡന്‍. ഉക്രൈൻ അധിനിവേശം ഒരു സാധ്യതയായി നിലനില്‍ക്കുകയാണെന്നും സൈന്യത്തെ പിന്‍വലിച്ചെന്ന റഷ്യയുടെ വാദം അമേരിക്ക ഇതുവരെ സ്ഥിരീകരിച്ചിട്ടില്ലെന്നും ബൈഡൻ പറഞ്ഞു. ഉക്രൈൻ അതിർത്തിക്കടുത്ത് സൈനികാഭ്യാസത്തിൽ പങ്കെടുക്കുന്ന ഒരു വിഭാഗം സൈന്യം മടങ്ങുകയാണെന്ന റഷ്യയുടെ പ്രഖ്യാപനത്തിന് പിന്നാലെയാണ് അമേരിക്കന്‍ പ്രസിഡന്‍റിന്‍റെ പ്രതികരണം.
സൈനിക സുതാര്യത, മിസൈൽ വിന്യാസ പരിധി, മറ്റ് സുരക്ഷാപ്രശ്‌നങ്ങൾ എന്നിവ സംബന്ധിച്ച് അമേരിക്കയുമായും നാറ്റോയുമായും ചർച്ചയ്ക്ക് തയ്യാറാണെന്ന് റഷ്യൻ പ്രസിഡന്‍റ് വ്‌ളാദ്മിർ പുടിൻ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. എന്നാല്‍ റഷ്യയുടെ ഉദ്ദേശത്തെ കുറിച്ച് ബൈഡന്‍ സംശയം പ്രകടമാക്കി. റഷ്യ ഉക്രൈനെ ആക്രമിച്ചാൽ അതിനെ ചെറുക്കാൻ അമേരിക്ക ലോകത്തെ അണിനിരത്തുമെന്ന് ബൈഡൻ വീണ്ടും മുന്നറിയിപ്പ് നൽകി.