വാഷിംഗ്‌ടണ്‍: അമേരിക്കയില്‍ നിന്നുമുള്ള മൂന്നാം ഘട്ട കൊവിഡ് പ്രതിരോധ സാമഗ്രികളുമായി യുഎസ് വ്യോമസേനാ വിമാനം ഇന്ത്യയിലേക്ക് തിരിച്ചു. ഓക്സിജന്‍ സിലിണ്ടറുകള്‍, പരിശോധന കിറ്റുകള്‍, മെഡിക്കല്‍ ഉപകരണങ്ങള്‍ തുടങ്ങിയവയുമായി ഇന്ത്യയിലേക്കെത്തുന്ന മൂന്നാമത്തെ അമേരിക്കന്‍ വിമാനമാണിത്. ആകെ 100 മില്ല്യണ്‍ യുഎസ് ഡോളറിന്‍റെ സഹായമാണ് അമേരിക്ക ഇന്ത്യയ്ക്ക് നല്‍കുന്നത്. പുനരുപയോഗിക്കാനാവുന്ന 1,000 ഓക്സിജന്‍ സിലിണ്ടറുകള്‍, 15 മില്ല്യണ്‍ എന്‍95 മാസ്കുകള്‍ 10 ലക്ഷം റാപ്പിഡ് പരിശോധനാകിറ്റുകള്‍ എന്നിവയുള്‍പ്പടെയാണിവ.
കൂടുതല്‍ വായനയ്ക്ക് :കൊവിഡ് രണ്ടാം തരംഗം; ഇന്ത്യയ്‌ക്ക് സഹായം എത്തിച്ച് യുഎസ്
കൊവീഷീല്‍ഡ് വാക്സിന്‍റെ 20 ലക്ഷം ഡോസുകള്‍ നിര്‍മിക്കാനുള്ള അസംസ്കൃത വസ്തുക്കളും അമേരിക്ക ഇന്ത്യയിലേക്കയക്കും. കൊവിഡ് പ്രതിരോധ സാമഗ്രികളുമായി അടുത്ത ഒരാഴ്ചയെങ്കിലും തുടര്‍ച്ചയായി അമേരിക്കന്‍ വിമാനങ്ങള്‍ ഇന്ത്യന്‍ മണ്ണിലിറങ്ങും. ഇന്ത്യയിലെ മെഡിക്കല്‍ ഓക്സിജന്‍ വിതരണ ശൃംഖല വികസിപ്പിക്കാനുള്ള സഹായങ്ങളും അമേരിക്ക പ്രഖ്യാപിച്ചിട്ടുണ്ട്.