വാഷിങ്ടൺ:100 മില്യൺ യുഎസ് ഡോളർ വിലവരുന്ന കൊവിഡ് ദുരിതാശ്വാസ സാമഗ്രികൾ വരും ദിവസങ്ങളിൽ ഇന്ത്യയിലേക്ക് എത്തുമെന്ന് വൈറ്റ് ഹൗസ് അറിയിച്ചു. ലോകത്തിലെ ഏറ്റവും വലിയ സൈനിക വിമാനത്തിൽ ട്രാവിസ് എയർഫോഴ്‌സ് ബേസിൽ നിന്ന് ബുധനാഴ്ച രാത്രി വിമാനം ഇന്ത്യയിലേക്ക് തിരിച്ചതായും യുഎസ് ഏജൻസി ഫോർ ഇന്‍റർനാഷണൽ ഡവലപ്‌മെന്‍റെ അറിയിച്ചു.
കാലിഫോർണിയ സംസ്ഥാനം സംഭാവന ചെയ്ത 440 ഓക്സിജൻ സിലിണ്ടറുകളും റെഗുലേറ്ററുകളും സാമഗ്രികളിൽ ഉൾപ്പെടുന്നുണ്ടെന്ന് യുഎസ്‌ഐഐഡി പറഞ്ഞു. കൂടാതെ, ആദ്യ വിമാനത്തിൽ, യുഎസ്‌ഐഐഡി 9,60,000 റാപ്പിഡ് ഡയഗ്നോസ്റ്റിക്ക് കിറ്റുകളും അയയ്ക്കുന്നുണ്ട്. ഇന്ത്യയുടെ മുൻനിര ആരോഗ്യ സംരക്ഷണ പോരാളികളെ സംരക്ഷിക്കുന്നതിനായി 1,00,000 എൻ 95 മാസ്കുകളും വിമാനത്തിലുണ്ട്.
യുഎസ് സംസ്ഥാന സർക്കാരുകളും സ്വകാര്യ കമ്പനികളും സർക്കാരിതര സംഘടനകളും ആയിരക്കണക്കിന് അമേരിക്കക്കാരും ഓക്സിജനുമായി ബന്ധപ്പെട്ട ഉപകരണങ്ങളും അവശ്യസാധനങ്ങളും ഇന്ത്യൻ ആശുപത്രികളിൽ എത്തിക്കുന്നതിനായി അണിനിരന്നതായി വൈറ്റ് ഹൗസ് അറിയിച്ചു. യുഎസ് സെന്‍റർസ് ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷൻ പ്രാദേശികമായി ഓക്സിജൻ സിലിണ്ടറുകൾ വാങ്ങുകയും അവ ഇന്ത്യൻ സർക്കാരുമായി ഏകോപിപ്പിച്ച് ആശുപത്രികളിൽ എത്തിക്കുമെന്നും അറിയിച്ചിട്ടുണ്ട്.
ഓക്സിജൻ ജനറേഷൻ യൂണിറ്റുകളും യുഎസ് ഇന്ത്യക്കായി നൽകുന്നുണ്ട്. 20 രോഗികളെ വരെ ചികിത്സിക്കാവുന്ന വലിയ ജനറേഷൻ യൂണിറ്റുകളാകും ഓരോന്നും. ഇതിനൊപ്പം തന്നെ യുഎസിൽ നിന്നുള്ള വിദഗ്ദരും ഇന്ത്യയിലെ ആരോഗ്യ പ്രവർത്തകരുമായി ചേർന്ന് പ്രവർത്തിക്കുമെന്നും വൈറ്റ് ഹൗസ് പറഞ്ഞു. റിമെഡെസിവിറിന്‍റ 20,000 ചികിത്സാ കോഴ്‌സുകളുടെ ആദ്യഘട്ടവും യുഎസ് നൽകുന്നുണ്ട്. ലബോറട്ടറി, നിരീക്ഷണം, എപ്പിഡെമിയോളജി, ജീനോമിക് സീക്വൻസിംഗിനും മോഡലിംഗിനുമുള്ള ബയോ ഇൻഫോർമാറ്റിക്സ്, അണുബാധ തടയൽ, നിയന്ത്രണം, വാക്സിൻ റോൾ ഔട്ട്, റിസ്ക് കമ്മ്യൂണിക്കേഷൻ എന്നീ മേഖലകളിലെ വിദഗ്ധരുമായി സിഡിസി വിദഗ്ധർ കൈകോർത്ത് പ്രവർത്തിക്കും.
അമേരിക്കൻ കൊവിഡ് സഹായം ഇന്ത്യയിലെ 20ലധികം സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലുമായി 9.7 ദശലക്ഷത്തിലധികം ആളുകളിലേക്ക് എത്തിയിട്ടുണ്ടെന്ന് വൈറ്റ് ഹൗസ് അറിയിച്ചു. തയ്യാറെടുപ്പ് ശക്തിപ്പെടുത്തുന്നതിനായി ആയിരത്തിലധികം ഇന്ത്യൻ ആരോഗ്യ പരിരക്ഷാ സൗകര്യങ്ങളുമായി യുഎസ് പങ്കാളികളായിട്ടുണ്ട്. അണുബാധ തടയുന്നതിനും നിയന്ത്രിക്കുന്നതിനുമായി 14,000 ത്തോളം പേർക്ക് പരിശീലനവും നൽകുന്നുണ്ട്. ഡോക്ടർമാർ, നഴ്‌സുമാർ, മിഡ്‌വൈഫുകൾ, കമ്മ്യൂണിറ്റി വൊളന്‍റിയർമാർ, ശുചിത്വ തൊഴിലാളികൾ എന്നിവർക്കായി റിസ്ക് ലഘൂകരണ പരിശീലനം നൽകിക്കൊണ്ട് 2,13,000ത്തിലധികം മുൻനിര തൊഴിലാളികളെ സുരക്ഷിതമായി സൂക്ഷിക്കാൻ യുഎസ് സഹായിച്ചിട്ടുണ്ടെന്നും വൈറ്റ് ഹൗസ് കൂട്ടിച്ചേർത്തു.