വാഷിങ്ടണ്‍:ലോകത്തെ ഞെട്ടിച്ച് യു.എസ് പാര്‍ലമെന്‍റ് മന്ദിരത്തിലേക്ക് ഇരച്ച് കയറി ട്രംപ് അനുകൂലികള്‍. യുഎസ് ചരിത്രത്തില്‍ ആദ്യമായാണ് പാര്‍ലമെന്‍റ് സമ്മേളനം പാതിവഴിയില്‍ ഉപേക്ഷിച്ച് ജനപ്രതിനിധികളെ ഒഴിപ്പിച്ചത്. നിയുക്ത പ്രസിഡന്‍റ് ജൊ ബൈഡന്‍റെ വിജയം അംഗീകരിക്കാനാണ് യുഎസ് കോണ്‍സുലേറ്റിന്‍റെ ഇരുസഭകളും സമ്മേളിച്ചത്. ഇതിനിടെ ഇന്ത്യന്‍ സമയം പുലര്‍ച്ചെ ഒരു മണിയോടുകൂടി ട്രംപ് അനുകൂലികള്‍ പാര്‍ലമെന്‍റ് മന്ദിരം കീഴടക്കി. കാപ്പിറ്റോള്‍ മന്ദിരത്തിലെ സുരക്ഷാ വലയം ഭേദിച്ച് അകത്തു കടന്ന അക്രമികള്‍ പാര്‍ലമെന്‍റിന്‍റെ അകത്തളം വരെ എത്തി. ഇതോടെ ഇരുസഭകളും അടയന്തരമായി നിര്‍ത്തിവച്ച് ജനപ്രതിനിധികളെ പൊലീസ് സുരക്ഷിത സ്ഥാനത്തേക്ക് മാറ്റി.
അമേരിക്കയില്‍ ട്രംപ് അനുകൂലികളുടെ പ്രതിഷേധം; യുഎസ് പാര്‍ലമെന്‍റ് മന്ദിരം ഒഴിപ്പിച്ചു - us-capitol
ജനാധിപത്യത്തിന്‍റെ കോട്ട തകര്‍ക്കപ്പെട്ടിരിക്കുന്നുവെന്ന് ജോ ബൈഡന്‍. ബൈഡന്‍റെ വിജയം അംഗീകരിക്കാനാകില്ലെന്നും ജനങ്ങള്‍ സമാധാനം പാലിക്കണമെന്നും ട്രംപ്.
അതേസമയം ബൈഡന്‍റെ വിജയം അംഗീകരിക്കാനാകില്ലെന്നും ജനങ്ങള്‍ സമാധാനം പാലിക്കണമെന്നും ട്രംപ് ആഹ്വാനം ചെയ്തു. ജനങ്ങളുടെ പ്രതിഷേധം മൂടിവെക്കാനാകില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ബൈഡന്‍റെ വിജയം അംഗീകരിക്കരുതെന്ന ട്രംപിന്‍റെ അഭ്യര്‍ഥന നേരത്തെ വൈസ് പ്രസിഡന്‍റും സെനറ്റിലെ റിപബ്ലിക്കന്‍ നേതാവുമായ മൈക്ക് പെന്‍സ് തള്ളിയിരുന്നു. ഇതിന് പിന്നാലെയാണ് ട്രംപ് അനുകൂലികളുടെ അക്രമം.
അതിനിടെ ബൈഡന്‍റെ വിജയം അംഗീകരിക്കില്ലെന്ന് ട്രംപ് പറയുന്ന വിഡീയോ ട്വിറ്റര്‍ പിന്‍വലിച്ചു. ഈ ട്വീറ്റില്‍ കമന്‍റ് ചെയ്യാനോ വീണ്ടും പോസ്റ്റ് ചെയ്യാനൊ പാടില്ലെന്നും ട്വിറ്റര്‍ അറിയിച്ചു. ജനാധിപത്യത്തിന്‍റെ കോട്ട തകര്‍ക്കപ്പെട്ടിരിക്കുന്നുവെന്ന് ജോ ബൈഡന്‍ പ്രതികരിച്ചു. രാജ്യം ഇരുണ്ട നിമിഷത്തിലൂടെയാണ് കടന്നു പോകുന്നത്. പ്രതിഷേധത്തെ കലാപം എന്ന് വിളിച്ച അദ്ദേഹം ട്രംപിനോട് ഭരണഘടന സംരക്ഷിക്കുന്നതിന് തന്‍റെ അനുകൂലികളോട് ആഹ്വാനം ചെയ്യാനും ആവശ്യപ്പെട്ടു. വരുന്ന നാല് വര്‍ഷം രാജ്യത്ത് ജനാധിപത്യം പുനസ്ഥാപിക്കാനാണ് വിനിയോഗിക്കുകയെന്നും അദ്ദേഹം പറഞ്ഞു.