ന്യൂയോര്‍ക്ക്: ഗാസയിലെ വെടിനിര്‍ത്തല്‍ കരാര്‍ ഇരു വിഭാഗങ്ങളും പൂര്‍ണമായും പാലിക്കണമെന്ന ആവശ്യവുമായി ഐക്യരാഷ്ട്രസഭ സുരക്ഷ കൗണ്‍സില്‍. വെടിനിര്‍ത്തലിനെ സ്വാഗതം ചെയ്‌ത സുരക്ഷ കൗണ്‍സില്‍ പലസ്‌തീന് മാനുഷിക സഹായം അടിയന്തരമായി നല്‍കേണ്ടതിന്‍റെ ആവശ്യകതയും ഓര്‍മിപ്പിച്ചു.
" മെയ് 21 മുതല്‍ വെടിനിര്‍ത്തല്‍ കരാര്‍ നിലവില്‍ വരുമെന്ന പ്രഖ്യാപനത്തെ സുരക്ഷ കൗണ്‍സില്‍ സ്വാഗതം ചെയ്യുന്നു. വെടിനിര്‍ത്തലുമായി ബന്ധപ്പെട്ട് ഈജിപ്‌ത്, മറ്റ് പ്രാദേശിക രാജ്യങ്ങള്‍, ഐക്യരാഷ്ട്ര സഭ, മിഡില്‍ ഈസ്റ്റ് ക്വാര്‍ടെറ്റ് തുടങ്ങിയവര്‍ നടത്തിയ ഇടപെടല്‍ സുരക്ഷ കൗണ്‍സില്‍ അംഗീകരിക്കുന്നു. ഇരു വിഭാഗങ്ങളും വെടിനിര്‍ത്തല്‍ കരാര്‍ പൂര്‍ണമായും പാലിക്കണമെന്ന് സുരക്ഷ കൗണ്‍സില്‍ ആവശ്യപ്പെടുന്നു ", സുരക്ഷ കൗണ്‍സില്‍ പുറത്തിറക്കിയ പത്ര കുറിപ്പില്‍ വ്യക്തമാക്കി. സംഘര്‍ഷത്തിനിടെ കൊല്ലപ്പെട്ട പൗരന്മാർക്ക് വേണ്ടി യുഎന്‍എസ്‌സി അനുശോചിച്ചു.