ന്യൂയോര്‍ക്ക്: യുക്രൈനിലെ നിലവിലെ സാഹചര്യത്തില്‍ ആശങ്ക പ്രകടിപ്പിച്ച് ഇന്ത്യ. ആക്രമണങ്ങള്‍ അവസാനിപ്പിക്കണമെന്നും നയതന്ത്ര ഇടപെടലുകളിലൂടെ പ്രശ്‌നം പരിഹരിക്കണമെന്നും ഇന്ത്യ അഭ്യര്‍ഥിച്ചു. യുക്രൈനിലെ റഷ്യൻ അധിനിവേശത്തിനെതിരെ യുഎൻ വിളിച്ചു ചേർത്ത അടിയന്തര യോഗത്തിലാണ് നിലപാട് വ്യക്തമാക്കിയത്.
'യുക്രൈനിലെ സ്ഥിതിഗതികൾ വഷളായിക്കൊണ്ടിരിക്കുന്നതിൽ ഇന്ത്യ അഗാധമായ ആശങ്കയിലാണ്. അക്രമം ഉടൻ അവസാനിപ്പിക്കാനും ശത്രുത അവസാനിപ്പിക്കാനുമുള്ള ആഹ്വാനം ആവർത്തിക്കുന്നു,' യുഎന്നിലെ ഇന്ത്യയുടെ സ്ഥിരം പ്രതിനിധി ടി.എസ് തിരുമൂര്‍ത്തി പറഞ്ഞു. നയതന്ത്രത്തിന്‍റെ പാതയിലേക്ക് മടങ്ങുകയല്ലാതെ മറ്റൊരു മാർഗവുമില്ലെന്ന് ഇന്ത്യ ഉറച്ചുവിശ്വസിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സത്യസന്ധവും ആത്മാർഥവും സുസ്ഥിരവുമായ സംഭാഷണത്തിലൂടെ മാത്രമേ പ്രശ്‌നങ്ങള്‍ പരിഹരിക്കാനാകൂ. റഷ്യയോടും യുക്രൈനോടും തന്‍റെ സമീപകാല സംഭാഷണങ്ങളില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ടെന്നും തിരുമൂര്‍ത്തി പറഞ്ഞു.