വാഷിങ്‌ടൺ :തെക്കൻ ശാന്ത സമുദ്രത്തിനടിയിൽ അഗ്നിപർവതം പൊട്ടിത്തെറിച്ചതിനെ തുടർന്ന് അമേരിക്കയിലും ജപ്പാനിലും സുനാമി മുന്നറിയിപ്പ്. മൂന്ന് മീറ്ററോളം ഉയരത്തിലുള്ള തിരമാലകൾ രാജ്യത്തിന്‍റെ തെക്ക് ഭാഗത്ത് ആഞ്ഞടിക്കുമെന്നാണ് ജപ്പാൻ മുന്നറിയിപ്പ് നൽകിയിരിക്കുന്നത്.
ശക്തമായ കടൽക്ഷോഭത്തിന് സാധ്യതയുണ്ടെന്ന് അമേരിക്കൻ തീരപ്രദേശങ്ങളിലും മുന്നറിയിപ്പ് നൽകി. ഇരുരാജ്യങ്ങളും, തീരപ്രദേശങ്ങളിൽ നിന്ന് ഒഴിയണമെന്ന് ജനങ്ങളോട് ആവശ്യപ്പെട്ടിട്ടുണ്ട്.
അഗ്നിപർവത സ്ഫോടനത്തെ തുടർന്ന് തെക്കൻ പസഫിക്കിലെ ടോംഗ ദ്വീപിൽ ഒരു മീറ്ററിലധികം ഉയരത്തിലുള്ള തിരമാലകൾ കരയിലേക്ക് ആഞ്ഞടിച്ചിരുന്നു. തുടർന്നാണ് അമേരിക്കയും ജപ്പാനും സുനാമി മുന്നറിയിപ്പ് പുറപ്പെടുവിച്ചത്. സ്‌ഫോടനത്തെ തുടർന്ന് ടോംഗയുടെ തലസ്ഥാനമുൾപ്പെടെയുള്ള പല ഭാഗങ്ങളും ചാരത്തിൽ മൂടപ്പെട്ടിരിക്കുകയാണ്. ദ്വീപിലെ വൈദ്യുതി, ടെലിഫോൺ, ഇന്‍റർനെറ്റ് സേവനങ്ങൾ പൂർണമായും താറുമാറായി. നാശനഷ്‌ടങ്ങളുടെ വ്യാപ്‌തി ഇപ്പോഴും വ്യക്തമല്ല.