വാഷിങ്ടൺ: കൊവിഡ് വ്യാപനത്തിനെതിരായ ഇന്ത്യയുടെ പോരാട്ടത്തെ യുഎൻ സഹായിക്കുന്നതായി യുഎൻ വക്താവ്. രാജ്യത്ത് കൊവിഡ് പ്രതിരോധ സാമഗ്രികളും മറ്റും യുഎൻ വിതരണം ചെയ്യുന്നുണ്ടെന്നും യുഎൻ സെക്രട്ടറി ജനറൽ അന്‍റോണിയോ ഗുട്ടെറസിന്‍റെ ഡെപ്യൂട്ടി വക്താവ് ഫർഹാൻ ഹഖ് പറഞ്ഞു.
ലോകാരോഗ്യ സംഘടനയും യുഎൻ ചിൽഡ്രൻസ് ഫണ്ടും ചേർന്ന് ഇന്ത്യക്കായി 7,000 ഓക്സിജൻ കോൺസെൻട്രേറ്ററുകളും ഓക്സിജൻ വിതരണത്തിനായി 500 നാസൽ ഉപകരണങ്ങളും ഓക്സിജൻ ഉത്പാദിപ്പിക്കുന്ന പ്ലാന്‍റുകൾ, കൊവിഡ് ടെസ്റ്റിംഗ് ഉപകരണങ്ങൾ, വ്യക്തിഗത സംരക്ഷണത്തിനുള്ള ഉപകരണങ്ങൾ എന്നിവയുൾപ്പെടെയുള്ളവയും ശേഖരിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ലോകാരോഗ്യ സംഘടന മൊബൈൽ ഹോസ്പിറ്റൽ യൂണിറ്റുകൾ സ്ഥാപിക്കുന്നതിനും സഹായിക്കുന്നുണ്ട്. ഇതിനുപുറമെ ലബോറട്ടറികൾക്കും സഹായമെത്തിക്കുന്നുണ്ട്. ആരോഗ്യ പ്രവർത്തകരെ സഹായിക്കുന്നതിനായി ലോകാരോഗ്യ സംഘടനയുടെ 2,600 ഫീൽഡ് ഓഫീസർമാരെയും വിന്യസിച്ചിട്ടുണ്ട്. ഇന്ത്യയിലെ ഏറ്റവും ജനസംഖ്യയുള്ള രണ്ടാമത്തെ സംസ്ഥാനമായ മഹാരാഷ്ട്രയിൽ, റിസ്ക് ഗവേണൻസിനായി പ്രവർത്തിക്കാൻ വിദഗ്ധരെ യുണിസെഫ് നിയോഗിച്ചിട്ടുണ്ട്.
മാസ്ക് ധരിക്കുക, കൈ കഴുകുക, സാമൂഹിക അകലം പാലിക്കുക എന്നീ മൂന്ന് കാര്യങ്ങൾ ഉയർത്തിക്കാട്ടുന്നതിനുള്ള പ്രചാരണവും ഇന്ത്യയിലെ യുഎൻ ടീം തുടരുകയാണ്. ഏപ്രിൽ 25 ന് അവസാനിച്ച ഏഴു ദിവസത്തെ കാലയളവിൽ ലോകമെമ്പാടും രേഖപ്പെടുത്തിയ പുതിയ കൊവിഡ് കേസുകളിൽ 38 ശതമാനവും ഇന്ത്യയിൽ നിന്ന് മാത്രമാണ്. കൊവിഡുമായി ബന്ധപ്പെട്ട മരണങ്ങളുടെ എണ്ണത്തിൽ ആഴ്ചയിൽ 93 ശതമാനം വർധനവും രാജ്യത്ത് രേഖപ്പെടുത്തിയിട്ടുണ്ട്.