വാഷിങ്ടണ്‍ :യുക്രൈനിലെ റഷ്യന്‍ ആക്രമണത്തിന്‍റെ പശ്ചാത്തലത്തില്‍ പൊതുസഭയുടെ അടിയന്തരയോഗം വിളിക്കുന്നത് സംബന്ധിച്ച യുഎന്‍ രക്ഷാസമിതി വോട്ടെടുപ്പില്‍ നിന്ന് ഇന്ത്യ വിട്ടു നിന്നു. അസാധാരണ സന്ദര്‍ഭങ്ങളില്‍ മാത്രമേ പൊതുസഭയുടെ അടിയന്തര യോഗം ചേരാറുള്ളൂ. അതേസമയം റഷ്യയും യുക്രൈനും ചര്‍ച്ചയ്ക്ക് തയ്യാറായതിനെ ഇന്ത്യ സ്വാഗതം ചെയ്തു. ബെലാറുസ് അതിര്‍ത്തിയിലാണ് ഇരുപക്ഷവും ചര്‍ച്ച നടത്തുക.
പൊതുസഭയുടെ അടിയന്തരയോഗം വേണമെന്നുള്ള പ്രമേയത്തില്‍ രക്ഷാസമിതിയിലെ 15 രാജ്യങ്ങളില്‍ 11 രാജ്യങ്ങള്‍ അനുകൂലമായി വോട്ട് ചെയ്‌തപ്പോള്‍ റഷ്യ എതിര്‍ത്ത് വോട്ട് ചെയ്തു. ഇന്ത്യയെ കൂടാതെ ചൈനയും യുഎഇയും വോട്ടെടുപ്പില്‍ നിന്ന് വിട്ടുനിന്നു. യുഎന്‍ പ്രക്രിയകളുമായി ബന്ധപ്പെട്ട പ്രമേയമായതിനാല്‍ രക്ഷാസമിതിയിലെ സ്ഥിരം അംഗങ്ങള്‍ക്ക് വീറ്റോ അധികാരമില്ല.
ഭൂരിപക്ഷ വോട്ടിന്‍റെ അടിസ്ഥാനത്തില്‍ പ്രമേയം പാസായതിനാല്‍ ഇന്നുതന്നെ പൊതുസഭയുടെ അടിയന്തരയോഗം ചേരും. 1950ന് ശേഷം 10 തവണമാത്രമേ യുഎന്‍ പൊതുസഭയുടെ അടിയന്തര യോഗം ഇതിനുമുമ്പ് ചേര്‍ന്നിട്ടുള്ളൂ. യുക്രൈനിലെ ആക്രമണം റഷ്യയോട് ഉടനെ അവസാനിപ്പിക്കണമെന്നാവശ്യപ്പെടുന്ന യുഎന്‍ രക്ഷാസമിതി പ്രമേയം സ്ഥിരം അംഗം എന്ന നിലയില്‍ റഷ്യ തന്നെ വീറ്റോചെയ്തിരുന്നു. ഇതിന്‍മേലുള്ള വോട്ടെടുപ്പിലും ഇന്ത്യയും, ചൈനയും, യുഎഇയും വിട്ട് നിന്നിരുന്നു.
യുക്രൈന്‍ റഷ്യ സംഘര്‍ഷ വിഷയത്തില്‍ രക്ഷാസമിതി അവസാനമായി കൂടിയ സമയത്തേക്കാള്‍ യുക്രൈനിലെ സ്ഥിഗതികള്‍ കൂടുതല്‍ ഗുരുതരമായത് ദുഖകരമാണെന്ന് ഇന്ത്യയുടെ യുഎന്നിലെ സ്ഥിരം പ്രതിനിധി ടി. എസ് തിരുമൂര്‍ത്തി പറഞ്ഞു. സംഭാഷണത്തിന്‍റേയും നയതന്ത്രത്തിന്‍റേയും പാതയല്ലാതെ വിഷയത്തില്‍ മറ്റൊരു പരിഹാരമാര്‍ഗമില്ല. യുക്രൈനില്‍ കുടുങ്ങിക്കിടക്കുന്ന വിദ്യാര്‍ഥികള്‍ അടക്കമുള്ള ഇന്ത്യക്കാരുടെ സുരക്ഷയില്‍ രാജ്യത്തിന് അതിയായ ആശങ്കയുണ്ടെന്നും തിരുമൂര്‍ത്തി പറഞ്ഞു.