ന്യൂയോര്‍ക്ക്:കൊവിഡ് പ്രതിരോധ മരുന്ന് വികസനത്തിന്‍റെ നിലവിലെ പുരോഗതിയില്‍ ആശങ്ക രേഖപ്പെടുത്തി ഐക്യരാഷ്ട്ര സഭ സെക്രട്ടറി ജനറല്‍ അന്‍റോണിയോ ഗുട്ടെറസ്. ലോകത്ത് വാക്സിൻ ദേശീയത രൂപപ്പെടുന്നുണ്ട്. ദിനം പ്രതി അതിന് ശക്തി കൂടുകയും ചെയ്യുന്നു. ലോകത്തെ വൻകിട രാജ്യങ്ങള്‍ മരുന്ന് ഗവേഷണങ്ങള്‍ നടത്തുകയും, മരുന്ന് വിതരണം ചെയ്യുകയും ചെയ്യുന്നു. സ്വന്തം രാജ്യത്തെ ജനങ്ങള്‍ക്ക് മാത്രമാണ് അവര്‍ മുൻതൂക്കം നല്‍കുന്നത്. അവരെക്കുറിച്ച് മാത്രമാണ് ചിന്തിക്കുന്നത്. അങ്ങനെ സംഭവിക്കുമ്പോള്‍ ലോകത്തെ ദരിദ്ര രാഷ്ട്രങ്ങള്‍ അവഗണിക്കപ്പെടുകയാണ്. ദരിദ്ര രാജ്യങ്ങളിലേക്ക് എന്ന് മരുന്ന് എത്തുമെന്നതില്‍ യുഎൻ ആശങ്ക രേഖപ്പെടുത്തി.
കൊവാക്സിൻ ദേശീയത വളരുന്നു; മരുന്ന് വിതരണത്തില്‍ ആഫ്രിക്കൻ രാജ്യങ്ങളെ അവഗണിക്കരുതെന്ന് യുഎൻ - കൊവിഡ് മരുന്ന്
ലോകത്തെ വൻകിട രാജ്യങ്ങള്‍ മരുന്ന് ഗവേഷണങ്ങള്‍ നടത്തുമ്പോഴും, മരുന്ന് വിതരണം ചെയ്യുമ്പോഴും ദരിദ്ര രാജ്യങ്ങളിലേക്ക് എന്ന് മരുന്ന് എത്തുമെന്നതില്‍ യുഎൻ ആശങ്ക രേഖപ്പെടുത്തി
കൊവിഡ് വാക്സിനെ ആഗോള ആവശ്യമായി കണക്കാക്കാൻ എല്ലാവരും തയാറാകണം. മരുന്ന് എല്ലാവരിലേക്കും എത്തണം. ഈ ഭൂമിയിലെ എല്ലാവരിലേക്കും, പ്രത്യേകിച്ച് ആഫ്രിക്കൻ രാജ്യങ്ങളിലേക്ക് എത്തിക്കണമെന്നും ഗുട്ടെറസ് പറഞ്ഞു. ലോകത്തിലെ ഏറ്റവും ദരിദ്രരായ ആളുകളിലേക്കടക്കം കൊവിഡ് പ്രതിരോധ മരുന്ന് എത്തിക്കാനുള്ള പദ്ധതിയുടെ നടത്തിപ്പിനായി 4.2 ബില്യൺ ഡോളർ സമാഹരിക്കേണ്ടതുണ്ടെന്നും ലോക രാജ്യങ്ങളൊന്നാകെ ഇതിനോട് സഹകരിക്കണമെന്നും ഗുട്ടെറസ് അഭ്യർഥിച്ചു. ആഫ്രിക്കൻ യൂണിയനുമായുള്ള വെർച്വൽ കൂടിക്കാഴ്ചയ്ക്ക് ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. കൊവിഡ് വാക്സിൻ വിതരണം ലോകത്തെ അസമത്വം വര്‍ധിപ്പിക്കുന്നതിന് കാരണമാകരുതെന്ന് യുഎൻ നേരത്തെ അഭിപ്രായപ്പെട്ടിരുന്നു. സ്വകാര്യ വസ്തുവായി മരുന്നിനെ കാണരുത്. ലോകത്തെ എല്ലായിടത്തേക്കും മരുന്ന് എത്തിക്കുക എന്നത് വലിയ ജോലിയാണ്. ഇതിനായി വലിയ തുക സമാഹരിക്കേണ്ടതുണ്ട്. ലോകത്തെ സമ്പന്ന രാഷ്ട്രങ്ങളാണ് ഇതിനായി മുൻ കൈ എടുക്കേണ്ടതെന്നും യുഎൻ അഭ്യര്‍ഥിച്ചു. ബ്രിട്ടണിലും റഷ്യയിലും നിലവില്‍ കൊവിഡ് മരുന്ന് വിതരണം ആരംഭിച്ച് കഴിഞ്ഞു. അമേരിക്കയിലും കാനഡയിലും വരും ദിവസങ്ങളില്‍ തന്നെ മരുന്ന് വിതരണം ആരംഭിക്കും. ഫൈസര്‍ കൊവാക്സിന് കാനഡ ബുധനാഴ്ച അംഗീകാരം നല്‍കിയിരുന്നു.
ആഫ്രിക്കയിലെ 54 രാജ്യങ്ങളിൽ 2.2 ദശലക്ഷത്തിലധികം പേര്‍ക്കാണ് കൊവിഡ് ബാധിച്ചത്. 53,000 ത്തിലധികം മരണങ്ങളും റിപ്പോർട്ട് ചെയ്തിട്ടുണ്ടെന്ന് ഗുട്ടെറസ് പറഞ്ഞു. കൊവാക്സിൻ വിതരണവും ഒപ്പം മറ്റ് പൊതുജനാരോഗ്യ സംവിധാനങ്ങളും ആഫ്രിക്കൻ രാജ്യങ്ങളിലേക്കെത്തിയാല്‍ രോഗവ്യാപനത്തെ ചെറുക്കാനാകുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. എന്നാൽ മിക്ക ആഫ്രിക്കൻ രാജ്യങ്ങൾക്കും പ്രതിസന്ധിയോട് പോരാടാനുള്ള സാമ്പത്തിക ശക്തിയില്ല. അവിടെയാണ് മറ്റ് രാജ്യങ്ങളുടെ സഹായം ആവശ്യമായി വരുന്നത്. കൊവിഡ് പ്രതിരോധ കുത്തിവയ്പ്പുകൾ അടുത്ത വർഷം രണ്ടാം പാദം വരെ ആരംഭിക്കാനിടയില്ലെന്നാണ് ആഫ്രിക്ക സെന്‍റര്‍ ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷൻ ഡയറക്ടർ ജോൺ എൻകെൻഗോസോംഗ് നവംബർ അവസാനത്തിൽ പറഞ്ഞത്. മുൻകാലങ്ങളിൽ പല മഹാമാരികള്‍ വന്നപ്പോഴും ആഫ്രിക്ക അവഗണിക്കപ്പെട്ടിരുന്നു. അതിന്‍റെ അടിസ്ഥാനത്തിലായിരുന്നു ജോണിന്‍റെ പ്രതികരണം. എന്നാല്‍ എല്ലാവരും സഹകരിച്ചാല്‍ രണ്ടാം പാദത്തിന് മുമ്പ് മരുന്ന് വിതരണം ആരംഭിക്കാൻ കഴിയുമെന്ന പ്രതീക്ഷ അന്‍റോണിയോ ഗുട്ടെറസ് പ്രകടിപ്പിച്ചു.