ന്യൂയോര്‍ക്ക്:അടുത്തയാഴ്ച ആരംഭിക്കുന്ന ഐക്യരാഷ്‌ട്രസഭയുടെ പൊതുസഭയില്‍ കശ്‌മീർ വിഷയം ചർച്ചക്കെടുക്കാൻ സാധ്യത. യു.എൻ സെക്രട്ടറി ജനറൽ അന്‍റോണിയോ ഗുട്ടെറസ് കശ്‌മീർ വിഷയം ഉന്നയിക്കാൻ സാധ്യതയുണ്ടെന്ന് അദ്ദേഹത്തിന്റെ വക്താവ് സ്റ്റെഫാൻ ഡുജാറിക് അറിയിച്ചു. കശ്‌മീരിന്‍റെ പ്രത്യേക പദവി എടുത്തുകളഞ്ഞതിനെ തുടർന്നുണ്ടായ വിഷയങ്ങൾക്കും മനുഷ്യാവകാശപ്രശ്‌നങ്ങൾക്കും ചർച്ചകളിലൂടെ മാത്രമേ പരിഹാരം കാണാനാകൂ എന്നതാണ് ഗുട്ടെറസിന്റെ നിലപാട് എന്നും വക്താവ് വ്യക്തമാക്കി.
യു.എന്‍. പൊതുസഭയില്‍ സെക്രട്ടറി ജനറല്‍ കശ്‍മീര്‍ വിഷയം ഉന്നയിച്ചേക്കും
കശ്‌മീർ വിഷയത്തിൽ ഇന്ത്യയും പാകിസ്‌ഥാനും ആവശ്യപ്പെട്ടാൽ യു.എൻ സഹായിക്കാൻ തയ്യാറാണെന്നും യു.എൻ സെക്രട്ടറി ജനറൽ അന്‍റോണിയോ ഗുട്ടെറസ് അറിയിച്ചു
കശ്‌മീർ വിഷയത്തിൽ ഇന്ത്യയും പാകിസ്‌ഥാനും ചർച്ചനടത്തേണ്ടത് അനിവാര്യമാണെന്നും ഇരുരാജ്യങ്ങളും ആവശ്യപ്പെട്ടാൽ ഇക്കാര്യത്തിൽ യു.എൻ സഹായിക്കാൻ തയ്യാറാണെന്നും അന്‍റോണിയോ ഗുട്ടെറസ് ബുധനാഴ്‌ച പറഞ്ഞിരുന്നു. താഴ്‍വരയിലെ മനുഷ്യാവകാശം സംരക്ഷിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. അതേസമയം കശ്‌മീർ ഉഭയകക്ഷി പ്രശ്നമാണെന്നും യുഎന്നോ യുഎസോ മധ്യസ്ഥത വഹിക്കേണ്ടതില്ലെന്നും ഇന്ത്യ ആവർത്തിച്ച് വ്യക്തമാക്കിയിട്ടുള്ളതാണ്. യു.എൻ പൊതുസഭാ യോഗത്തിൽ 27ന് പ്രസംഗിക്കുന്ന ഇമ്രാൻ ഖാൻ കശ്‌മീർ വിഷയം ഉന്നയിക്കുമെന്ന് അറിയിച്ചിട്ടുണ്ട്. പ്രധാനമന്ത്രി നരേന്ദ്രമോദിയും പൊതുസഭയെ അന്ന് അഭിസംബോധന ചെയ്യും.