ന്യൂയോര്‍ക്ക്: യുക്രൈനില്‍ അന്താരാഷ്‌ട്ര സഹകരണത്തിനും ഐക്യദാര്‍ഢ്യത്തിനും ആഹ്വാനം ചെയ്‌ത് യുഎൻ സെക്രട്ടറി ജനറൽ അന്‍റോണിയോ ഗുട്ടറസ്. യുദ്ധ ബാധിതരെ പിന്തുണയ്ക്കാനും അന്താരാഷ്‌ട്ര നിയമത്തിന്‍റെ വ്യക്തമായ ലംഘനം മറികടക്കാനും ഇതാവശ്യമാണെന്നും യുഎന്‍ തലവന്‍ പറഞ്ഞു. അന്താരാഷ്‌ട്ര സഹകരണം വർധിപ്പിക്കുന്നത് സംബന്ധിച്ച് യുഎൻ പൊതുസഭയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
പൊതുസഭയുടെ നേതൃത്വത്തിലുള്ള അഞ്ചാമത്തെയും അവസാനത്തെയും യോഗത്തിലാണ് ഗുട്ടറസ് അന്താരാഷ്‌ട്ര സഹകരണത്തിന് ഊന്നല്‍ നല്‍കിയത്. സമാധാനമാണ് ഏറ്റവും പ്രധാനപ്പെട്ട ആഗോള പൊതുനന്മ. അത് ഉറപ്പ് വരുത്തുന്നതിന് വേണ്ടിയാണ് ഐക്യരാഷ്‌ട്ര സഭ രൂപീകൃതമായത്. ഐക്യരാഷ്‌ട്ര സഭയുടെ ചാർട്ടർ ലംഘിച്ച് യൂറോപ്പിന്‍റെ ഹൃദയഭാഗത്ത് ഇപ്പോൾ ഒരു ബഹുമുഖ യുദ്ധം രൂക്ഷമായിരിക്കുകയാണെന്നും യുക്രൈന്‍ റഷ്യ യുദ്ധം പരാമർശിച്ച് കൊണ്ട് ഗുട്ടറസ് പറഞ്ഞു.