വാഷിങ്ടണ്‍: പ്രമുഖരുടെ ട്വിറ്റര്‍ അക്കൗണ്ടുകള്‍ ഹാക്ക് ചെയ്‌ത് ബിറ്റ്‌കോയിൻ ഇടപാടുകാര്‍. അമേരിക്കന്‍ പ്രസിഡന്‍റ് തെരഞ്ഞെടുപ്പില്‍ സ്ഥനാര്‍ഥിയാകാൻ സാധ്യതയുള്ള ഡെമോക്രാറ്റിക് നേതാവ് ജോ ബെയ്‌ഡൻ, മുന്‍ അമേരിക്കന്‍ പ്രസിഡന്‍റ് ബരാക് ഒബാമ, ടെസ്‌ല സിഇഒ എലോൻ മസ്‌ക്, മൈക്രോസോഫ്‌റ്റ് ഉടമ ബില്‍ ഗേറ്റ്‌സ് എന്നിവരുടെ ട്വിറ്റര്‍ അക്കൗണ്ടുകളാണ് ഹാക്ക് ചെയ്യപ്പെട്ടത്. ഇവരുടെ ട്വിറ്റര്‍ പേജിലാണ് ബിറ്റ് കോയിൻ അയച്ചുതന്നാല്‍ ഇരട്ടി പണം തരാം എന്ന തരത്തിലുള്ള വാഗ്‌ദാനം പ്രത്യക്ഷപ്പെട്ടത്. ആയിരം ഡോളര്‍ തന്നാല്‍ രണ്ടായിരം ഡോളര്‍ മടക്കിതരാമെന്നും വാഗ്‌ദാനമുണ്ട്.
ബില്‍ ഗേറ്റ്‌സിന്‍റെയും ഒബാമയുടെയും ട്വിറ്റര്‍ ഹാക്ക് ചെയ്‌ത് ബിറ്റ്‌കോയിൻ ഇടപാടുകാര്‍ - ജോ ബെയ്‌ഡന്‍
ആപ്പിള്‍, ഊബര്‍ തുടങ്ങിയവയുടെ ഔദ്യോഗിക ട്വിറ്റര്‍ പേജുകളിലും ബിറ്റ് കോയിൻ അയച്ചുതന്നാല്‍ ഇരട്ടി പണം തരാം എന്ന തരത്തിലുള്ള ട്വീറ്റുകള്‍ പ്രത്യക്ഷപ്പെട്ടു.
അമേരിക്കൻ സമയം വൈകിട്ട് 4.17 നാണ് ബില്‍ ഗേറ്റ്‌സിന്‍റെ ട്വിറ്ററില്‍ പോസ്‌റ്റ് പ്രത്യക്ഷപ്പെട്ടത്. "ഈ കൊവിഡ് കാലത്ത് നിങ്ങളെ സഹായിക്കാൻ ഞാൻ ആഗ്രഹിക്കുന്നു. അടുത്ത ഒരു മണിക്കൂറില്‍ താഴെ കാണുന്ന അഡ്രസിലേക്ക് നിങ്ങളുടെ പക്കലുള്ള ബിറ്റ് കോയിൻ അയച്ചുതരിക. എത്ര തരുന്നോ അതിന്‍റെ ഇരട്ടി തുക പണമായി നിങ്ങള്‍ക്ക് തിരികെ നല്‍കാം" എന്നായിരുന്നു വാഗ്‌ദാനം. ട്വീറ്റില്‍ ഒരു ബിറ്റ്‌കോയിൻ അഡ്രസും എഴുതിയിരുന്നു. കുറച്ചു സമയങ്ങള്‍ക്ക് ശേഷം ഈ പോസ്‌റ്റ് ഡിലീറ്റായി. പിന്നാലെ മറ്റൊരു ട്വീറ്റ് വന്നു. "നിങ്ങള്‍ തരുന്നതിന് ഇരട്ടി പണം തരാൻ സാധിക്കുന്നതില്‍ എനിക്ക് സന്തോഷമുണ്ട്. വരുന്ന മുപ്പത് മിനുട്ടില്‍ ആയിരം ഡോളര്‍ അയക്കുന്നവര്‍ക്ക് രണ്ടായിരം ഡോളര്‍ തിരികെ തരാം" - എന്നായിരുന്നു രണ്ടാമത്തെ ട്വീറ്റ്
സമാനതരത്തിലുള്ള പോസ്‌റ്റുകളാണ് ജോ ബെയ്‌ഡൻ, എലോൻ മസ്‌ക്, എന്നിവരുടെ ട്വിറ്ററുകളിലും പ്രത്യക്ഷപ്പെട്ടത്. പിന്നാലെ ആപ്പിള്‍, ഊബര്‍ തുടങ്ങിയവയുടെ ഔദ്യോഗിക ട്വിറ്റര്‍ പേജുകളിലും ഇത്തരം ട്വീറ്റുകള്‍ പ്രത്യക്ഷപ്പെട്ടു. വിഷയം അന്താരാഷ്‌ട്ര തലത്തില്‍ വന്‍ ചര്‍ച്ചയായിട്ടുണ്ട്. അതേസമയം സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതായി ട്വിറ്റര്‍ അറിയിച്ചു.