വാഷിംഗ്ടൺ:അമേരിക്കയുടെ വ്യോമാക്രമണത്തില്‍ ഇറാന്‍ സൈനികമേധാവി ഖാസിം സുലൈമാനി കൊല്ലപ്പെട്ടതിന് പിന്നാലെ പശ്ചിമേഷ്യയില്‍ യുദ്ധസമാന സാഹചര്യം ഉയര്‍ന്നു വരുന്നതിന്‍റെ പശ്ചാത്തലത്തില്‍ പ്രകോപനപരമായ പ്രസ്‌താവനകളുമായി അമേരിക്കന്‍ പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപ്. എന്തെങ്കിലും തരത്തിലുള്ള സൈനിക നീക്കം ഇറാന്‍റെ ഭാഗത്തുനിന്നുണ്ടായാല്‍ ചരിത്രത്തില്‍ ഇതുവരെയുണ്ടായതില്‍ വച്ച് ഏറ്റവും ശക്‌തമായി തിരിച്ചടി അമേരിക്കയുടെ ഭാഗത്തുനിന്നുണ്ടാകുമെന്ന് ട്രംപ് ട്വീറ്റ് ചെയ്‌തു.
"അവര്‍ (ഇറാന്‍) ഇനിയും ആക്രമിച്ചാല്‍, അവര്‍ ഇതുവരെ നേരിട്ടതില്‍ വച്ച് എറ്റവും ശക്‌തമായി തിരച്ചടി നേരിടേണ്ടിവരും" - ട്രംപ് ട്വിറ്ററില്‍ കുറിച്ചു. " രണ്ട് ട്രില്യണ്‍ ഡോളറാണ് സൈനിക ആവശ്യങ്ങള്‍ക്കായി തങ്ങള്‍ നീക്കി വച്ചിരിരിക്കുന്നത്, പുതിയതും, മനോഹരവുമായി യുദ്ധോപകരണങ്ങള്‍ ഞങ്ങളുടെ പക്കലുണ്ട്, ഇറാന്‍ ആക്രമണം നടത്തിയാല്‍ യാതൊരു മടിയും കൂടാതെ അവ ഞങ്ങള്‍ പ്രയോഗിക്കും" - ട്രംപ് മറ്റൊരു ട്വീറ്റില്‍ ഇറാന് മുന്നറിയിപ്പ് നല്‍കി.
മൂന്നാം ലോക മഹായുദ്ധം എന്ന് ഹാഷ്‌ടാഗ് ട്വിറ്ററില്‍ ട്രെന്‍റിങ്ങാകുന്നതിനിടെയാണ് ട്രംപിന്‍റെ മുന്നറിയിപ്പുകള്‍. കഴിഞ്ഞ ദിവസവും ആക്രമണ ഭീഷണിയുമായി ട്രംപ് ട്വിറ്ററില്‍ രംഗത്തെത്തിയിരുന്നു. ഇറാനിലെ ചരിത്രപ്രസിദ്ധവും, തന്ത്രപരവുമായി 52 ഇടങ്ങളെ തങ്ങള്‍ ലക്ഷ്യം വച്ചിട്ടുണ്ടെന്ന് ഇന്നലെ ട്രംപ് ട്വീറ്റ് ചെയ്‌തിരുന്നു. വര്‍ഷങ്ങള്‍ക്ക് മുമ്പ് 52 അമേരിക്കന്‍ പൗരന്‍മാരെ ഇറാന്‍ തടവിലാക്കിയിരുന്നു ഇതിനുള്ള മറുപടിയാണ് ഈ 52 സ്ഥലങ്ങളെന്ന് ട്രംപ് ട്വീറ്റില്‍ കൂട്ടിച്ചേര്‍ത്തിരുന്നു.