വാഷിംഗ്ടണ്‍: തന്‍റെ സ്വകാര്യ ട്വിറ്റർ അക്കൗണ്ടിൽ നിന്ന് വിമർശകരെ തടയാൻ അനുവദിക്കണമെന്ന് പ്രസിഡന്‍റ് ഡൊണാൾഡ് ട്രംപ് സുപ്രീം കോടതിയോട് ആവശ്യപ്പെട്ടു. 85 ദശലക്ഷത്തിലധികം അനുയായികളുള്ള ട്രംപിന്‍റെ ട്വിറ്റര്‍ അക്കൗണ്ട് അദ്ദേഹത്തിന്‍റെ സ്വകാര്യ സ്വത്താണെന്നും അതിൽ നിന്ന് വിമര്‍ശകരെ തടയുന്നത് അദ്ദേഹത്തിന്‍റെ പ്രസിഡൻഷ്യൽ ഓഫീസിൽ നിന്ന് സ്വതന്ത്രമാണെന്നും കേസ് പുനഃപരിശോധന ചെയ്യണമെന്നും ആക്ടിങ് സോളിസിറ്റർ ജനറൽ ജെഫ്രി വാൾ ആവശ്യപ്പെട്ടു.
ട്വിറ്ററില്‍ നിന്ന് വിമര്‍ശകരെ തടയാനനുവദിക്കണമെന്ന് സുപ്രീം കോടതിയോടാവശ്യപ്പെട്ട് ട്രംപ് - Trump twitter
പ്രസിഡന്‍റിന്‍റെ വ്യക്തിപരമായ തീരുമാനങ്ങള്‍ പ്രസിഡൻഷ്യൽ ഓഫീസിൽ നിന്ന് സ്വതന്ത്രമാണെന്ന് ട്രംപ് ഭരണകൂടം അപ്പീലിൽ വാദിച്ചു.
ട്രംപിന്‍റെ ട്വിറ്റര്‍ അക്കൗണ്ട് ഉപയോഗിച്ച് നടത്തുന്ന ദൈനംദിന പ്രഖ്യാപനങ്ങളും നിരീക്ഷണങ്ങളും ഔദ്യോഗികമാണെന്നും വിമര്‍ശകരെ ബ്ലോക്ക് ചെയ്യുന്നതിലൂടെ ട്രംപ് ഒന്നാം ഭേദഗതി ലംഘിച്ചുവെന്നും ന്യൂയോർക്കിലെ ഫെഡറൽ അപ്പീൽ കോടതി കഴിഞ്ഞ വർഷം വിധി പറഞ്ഞിരുന്നു. ട്രംപിന്‍റെ നയങ്ങളെ വിമർശിച്ചതിന് അക്കൗണ്ടില്‍ നിന്ന് ബ്ലോക്ക് ചെയ്യപ്പെട്ട ഏഴ് വ്യക്തികൾക്ക് വേണ്ടി കൊളംബിയ യൂണിവേഴ്‌സിറ്റിയിലെ നൈറ്റ് ഫസ്റ്റ് അമെൻഡ്മെന്‍റ് ഇൻസ്റ്റിറ്റ്യൂട്ട് ആണ് കേസ് കൊടുത്തത്. ട്രംപിന്‍റെ അപ്പീൽ ഏറ്റെടുക്കരുതെന്ന് ഇൻസ്റ്റിറ്റ്യൂട്ടിന്‍റെ എക്‌സിക്യൂട്ടീവ് ഡയറക്ടർ ജമീൽ ജാഫർ പറഞ്ഞു.