വാഷിംഗ്ടൺ:അമേരിക്കൻ ജനപ്രതിനിധി സഭ തനിക്കെതിരായ ഇംപീച്ച്‌മെന്‍റ് പ്രമേയം പാസാക്കിയതിനെതിരെ ഡൊണാള്‍ഡ് ട്രംപ്. റിപ്പബ്ലിക്കൻ നിയന്ത്രണത്തിലുള്ള സെനറ്റിൽ തന്‍റെ വിചാരണ വൈകിയതിനെക്കുറിച്ചും അദ്ദേഹം പൊട്ടിത്തെറിച്ചു. ഇംപീച്ച്മെന്‍റ് പക്ഷപാതപരമായ തട്ടിപ്പാണെന്നും ട്രംപ് പറഞ്ഞു. ഇംപീച്ച്മെന്‍റ് നടപടികള്‍ക്ക് ചുക്കാൻ പിടിച്ച സ്പീക്കര്‍ നാൻസി പെലോസിയെയും അദ്ദേഹം ട്വീറ്റില്‍ വിമര്‍ശിച്ചിട്ടുണ്ട്. പുതിയ പോളിങ് പ്രകാരം ഇംപീച്ച്മെന്‍റ് നടപടി എങ്ങുമെത്തിയില്ലെന്നും ഭൂരിപക്ഷം പേരും ഇപ്പോൾ മറ്റ് കാര്യങ്ങളിലേക്ക് നീങ്ങിയെന്നുമാണ് ട്രംപ് ട്വീറ്റ് ചെയ്തിരിക്കുന്നത്.
ഇംപീച്ച്മെന്‍റിനെതിരെ പൊട്ടിത്തെറിച്ച് ട്രംപ് - ട്രംപ് ലേറ്റസ്റ്റ് വാര്‍ത്ത
ഭരണത്തെ അട്ടിമറിക്കാനുള്ള ഗൂഢനീക്കമാണ് സ്‌പീക്കര്‍ നാൻസി പെലോസി നടത്തുന്നതെന്ന് അമേരിക്കന്‍ പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപ് ആരോപിച്ചു.
ട്രംപിന്‍റെ ഇംപീച്ച്‌മെന്‍റിനെക്കുറിച്ചുള്ള ലേഖനങ്ങൾ തടഞ്ഞുവച്ചിരുന്ന പെലോസി വെള്ളിയാഴ്ച സെനറ്റിൽ അത് എത്തിക്കുമെന്ന് പ്രഖ്യാപിച്ചതിന് തൊട്ടുപിന്നാലെയാണ് പെലോസിക്കെതിരെ ട്രംപ് രംഗത്ത് വന്നിരിക്കുന്നത്. റിപ്പബ്ലിക്കുകള്‍ക്ക് കുറഞ്ഞ ഭൂരിപക്ഷമുള്ള സെനറ്റിൽ വിചാരണയ്ക്കുള്ള നിയമങ്ങൾ രൂപീകരിക്കുന്നതിൽ ഡെമോക്രാറ്റുകൾക്ക് കൂടുതൽ അധികാരം നല്‍കാൻ പെലോസി ശ്രമിക്കുന്നതിനിടെയാണ് ട്രംപിന്‍റെ വിമര്‍ശനം.
മുൻ വൈസ് പ്രസിഡന്‍റ് ജോ ബൈഡനെതിരായ കേസുകൾ കുത്തിപ്പൊക്കാൻ ട്രംപ് ഉക്രെയിന് മേൽ രാഷ്ട്രീയ സമ്മർദം ചെലുത്തിയെന്നാണ് ട്രംപിനെതിരെയുള്ള പ്രധാന ആരോപണം. ഇന്‍റലിജൻസ് കമ്മിറ്റിയുടെ റിപ്പോർട്ട് പരിശോധിച്ച ശേഷമാണ് ജുഡീഷ്യറി കമ്മിറ്റി ട്രംപിനെതിരെ അധികാര ദുർവിനിയോഗം ഉൾപ്പെടെയുള്ള കുറ്റങ്ങൾ ചുമത്തി ഇംപീച്ച്മെന്‍റ് നടപടി ആരംഭിച്ചത്.