വാഷിംഗ്‌ടണ്‍: ചൈനീസ് ആപ്പുകളായ ടിക് ടോക്, വിചാറ്റ് എന്നിവയ്‌ക്കുള്ള നിരോധനം പ്രാബല്യം വരുത്താനുള്ള ഉത്തരവില്‍ ട്രംപ് ഒപ്പുവെച്ചു. ദേശീയ സുരക്ഷയ്‌ക്കും സമ്പദ്‌വ്യവസ്ഥയ്‌ക്കും ഭീഷണിയാണെന്ന് വ്യക്തമാക്കിയാണ് നടപടി. നിരോധനം 45 ദിവസത്തിനകം പ്രാബല്യത്തില്‍ വരുമെന്ന് എക്‌സിക്യൂട്ടിവ് ഓര്‍ഡറില്‍ ഒപ്പുവെച്ച് ട്രംപ് വ്യക്തമാക്കി. ദേശീയ സുരക്ഷ ചൂണ്ടിക്കാട്ടി ഇന്ത്യയാണ് ടിക് ടോക്, വിചാറ്റ് എന്നീ ആപ്പുകള്‍ ആദ്യം നിരോധിച്ചത്. 106 ചൈനീസ് ആപ്പുകള്‍ ഇന്ത്യ ഇതുവരെ നിരോധിച്ചു. ഇന്ത്യയുടെ ഈ നീക്കം ട്രംപ് ഭരണകൂടവും യുഎസ് നിയമനിര്‍മാതാക്കളും സ്വാഗതം ചെയ്‌തിരുന്നു.
ചൈനീസ് കമ്പനിയായ ബൈറ്റ്ഡാന്‍സിന്‍റെ ഉടമസ്ഥതയിലാണ് ടിക് ടോക് എന്ന വീഡിയോ ഷെയറിങ് ആപ്പ്. ഉപയോക്താക്കളില്‍ നിന്നുള്ള വിവരങ്ങള്‍ ആപ്പ് ശേഖരിക്കുന്നതായി ട്രംപ് പറഞ്ഞു. അമേരിക്കക്കാരുടെ വ്യക്തിഗതവും ഉടമസ്ഥാവകാശത്തിലുള്ളതുമായ കാര്യങ്ങള്‍ ചൈനീസ് പാര്‍ട്ടിക് ലഭിക്കുമെന്നും ഫെഡറല്‍ തൊഴിലാളികളുടെയും കരാറുകാരുടെയും സ്ഥാനം കണ്ടെത്താനും ഭീഷണിപ്പെടുത്താനായി വിവരങ്ങള്‍ ചോര്‍ത്താനും, കോര്‍പ്പറേറ്റ് ചാരപ്രവൃത്തി നടത്താനും ഇതുവഴി ലഭിക്കുന്ന വിവരങ്ങള്‍ ഉപയോഗപ്പെടുത്തുമെന്നും ട്രംപ് ആരോപിച്ചു.
ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക് ഗുണം ചെയ്യുന്ന തെറ്റിദ്ധാരണ പരത്തും വിധം പ്രചാരണങ്ങള്‍ നടത്താനും ടിക് ടോക് ഉപയോഗിച്ചേക്കാമെന്ന് ട്രംപ് പറഞ്ഞു. ചൈനീസ് പാര്‍ട്ടി രാഷ്‌ട്രീയമായി നിര്‍ണായമായി കരുതുന്ന ഉള്ളടക്കവും ടിക് ടോക് സെന്‍സര്‍ ചെയ്യുന്നുണ്ട്. ഉദാഹരണമായി ഹോങ്കോങിലെ പ്രതിഷേധവും ഉഗ്‌യൂര്‍ വംശജരോടും മറ്റ് മുസ്ലീം ന്യൂനപക്ഷങ്ങളോടുള്ള ചൈനയുടെ സമീപനവും ട്രംപ് എടുത്തു പറഞ്ഞു. ഉത്തരവ് സംബന്ധിച്ചുള്ള നടപടികള്‍ സ്വീകരിക്കാനുള്ള അധികാരം അദ്ദേഹം വാണിജ്യ സെക്രട്ടറിക്ക് നല്‍കിയിട്ടുണ്ട്. ഉത്തരവ് നടപ്പിലാക്കാനായി എല്ലാ വകുപ്പുകളും ഏജന്‍സികളും ആവശ്യമായ നടപടികള്‍ സ്വീകരിക്കാനും നിര്‍ദേശം നല്‍കിയിട്ടുണ്ട്.
ചൈനീസ് കമ്പനിയായ ടെന്‍സെന്‍റ് ഹോള്‍ഡിങ്സ് ലിമിറ്റഡിന്‍റെ നിയന്ത്രണത്തിലുള്ള മെസേജിങ്, സോഷ്യല്‍ മീഡിയ, ഇലക്‌ട്രോണിക് പെയ്‌മെന്‍റ് ആപ്ലിക്കേഷനാണ് വിചാറ്റ്. അമേരിക്കയിലടക്കം ലോകമെമ്പാടും ഒരു ബില്ല്യണ്‍ ഉപയോക്താക്കള്‍ വിചാറ്റിനുണ്ട്. ടിക് ടോകിന് സമാനമായി വിചാറ്റും ഉപയോക്താക്കളില്‍ നിന്നും വിവരങ്ങള്‍ പിടിച്ചെടുക്കുന്നു. ഇതും അമേരിക്കയ്‌ക്ക് ഭീഷണിയാണെന്ന് ട്രംപ് പറഞ്ഞു. അമേരിക്കയിലെത്തുന്ന ചൈനീസ് പൗരന്മാരുടെ വിവരങ്ങളും വിചാറ്റ് പിടിച്ചെടുക്കുന്നു. ആഴ്‌ചകള്‍ക്ക് മുമ്പാണ് യുഎസ് സ്റ്റേറ്റ് സെക്രട്ടറി മൈക് പോംപിയോ ടിക് ടോക് അമേരിക്കക്കാരുടെ സ്വകാര്യ വിവരങ്ങള്‍ ശേഖരിക്കുന്നതായി ആരോപിച്ചത്. എന്നാല്‍ യുഎസ് ഉപയോക്താക്കളുടെ വിവരങ്ങള്‍ യുഎസില്‍ തന്നെയുള്ള സര്‍വറുകളിലാണെന്നും അതിന്‍റെ ബാക് അപ്പ് സിംഗപ്പൂരിലാണെന്നും യുഎസ് ഭയപ്പെടുന്നതുപോലെ ചൈനീസ് നിയമത്തിന് വിധേയമല്ലെന്നും ടിക് ടോക് ആവര്‍ത്തിച്ച് പറഞ്ഞിരുന്നു.