വാഷിങ്ടൺ: അമേരിക്കൻ പ്രസിഡന്‍റ് ഡൊണാൾഡ് ട്രംപ് ആശുപത്രി വിട്ടു. കൊവിഡിനെ തുടർന്ന് മിലട്ടറി ആശുപത്രിയില്‍ നാല് ദിവസത്തെ ചികിത്സയ്ക്ക് ശേഷമാണ് ട്രംപ് വൈറ്റ് ഹൗസിലേക്ക് മടങ്ങിയത്. ആരോഗ്യനില തൃപ്തികരമാണെന്ന് തെളിയിക്കാൻ സൗത്ത് പോർട്ടിക്കോയിലെ പടികൾ കയറിയാണ് ട്രംപ് അണികളെ അഭിവാദ്യം ചെയ്തത്. ട്രംപിന്‍റെ ആരോഗ്യനില തൃപ്തികരമാണെന്നും വീട്ടിലേക്ക് മടങ്ങാൻ യോഗ്യനാണെന്നും അദ്ദേഹത്തെ ചികിത്സിച്ച വാൾട്ടർ റീഡ് നാഷണല്‍ മെഡിക്കല്‍ സെന്‍ററിലെ ഡോക്ടർമാർ അറിയിച്ചു. തെരഞ്ഞെടുപ്പ് പ്രചാരണത്തിലേക്ക് ഉടൻ മടങ്ങിയെത്തുമെന്നും ട്രംപ് ട്വിറ്ററില്‍ കുറിച്ചു.
കൊവിഡ് ചികിത്സ പൂര്‍ത്തിയാക്കി ട്രംപ് ആശുപത്രി വിട്ടു
തെരഞ്ഞെടുപ്പ് പ്രചാരണത്തിലേക്ക് ഉടൻ മടങ്ങിയെത്തുമെന്നും ട്രംപ് ട്വിറ്ററില്‍ കുറിച്ചു
താൻ ആരോഗ്യവാനാണെന്നും കൊവിഡിനെ ഭയക്കേണ്ടതില്ലെന്നുമാണ് ആശുപത്രി വിട്ട ശേഷം ട്രംപ് മാധ്യമങ്ങളോട് പ്രതികരിച്ചത്. കഴിഞ്ഞ 24 മണിക്കൂറായി ട്രംപിന്‍റെ ആരോഗ്യനിലയില്‍ പുരോഗതിയുണ്ടെന്ന് വൈറ്റ് ഹൗസിലെ ഡോക്ടറായ സീൻ കോൺലി അറിയിച്ചു. പനിയുടെ ലക്ഷണങ്ങളില്ലെന്നും ഡിസ്ചാർജ് മാനദണ്ഡങ്ങൾ പാലിച്ചാണ് ട്രംപ് ആശുപത്രി വിടുന്നതെന്നും അദ്ദേഹം പറഞ്ഞു.
ട്രംപിന്‍റെ രക്തത്തിലെ ഒക്സിജന്‍റെ അളവ് സാധാരണ നിലയിലായെന്നും 24 മണിക്കൂറും വിദഗ്ധ ഡോക്ടർമാരുടെ സേവനം വൈറ്റ് ഹൗസില്‍ ട്രംപിന് ഉറപ്പ് വരുത്തുമെന്നും കോൺലി കൂട്ടിച്ചേർത്തു. കൊവിഡ് മുക്തനാകുന്നതിന് മുൻപ് തെരഞ്ഞെടുപ്പ് പ്രചാരണത്തിന്‍റെ ഭാഗമായി ട്രംപ് നടത്തിയ കാർ യാത്ര കഴിഞ്ഞ ദിവസം വിവാദമായിരുന്നു.