വാഷിങ്ടൺ: ഇന്ത്യയും പാകിസ്ഥാനും ആവശ്യപ്പെടുകയാണെങ്കില്‍ കശ്‌മീര്‍ വിഷയത്തില്‍ മധ്യസ്ഥത വഹിക്കാൻ അമേരിക്കൻ പ്രസിഡന്‍റ് ഡൊണാൾഡ് ട്രംപ് തയ്യാറാണെന്ന് അമേരിക്കൻ നയതന്ത്ര ഉദ്യോഗസ്ഥൻ അറിയിച്ചു. സമാധാന ചർച്ചകൾ തുടരുന്നതിനുള്ള ഉത്തരവാദിത്തം ഇസ്ലാബാദിനാണെന്നും തീവ്രവാദ സംഘടനകൾക്കെതിരെ കര്‍ശന നടപടികൾ എടുക്കണമെന്നും അമേരിക്ക ആവശ്യപ്പെട്ടു.
കശ്‌മീര്‍ വിഷയം; മധ്യസ്ഥതക്ക് തയ്യാറെന്ന് അമേരിക്ക
ഇരു രാജ്യങ്ങളും ആവശ്യപ്പെടുകയാണെങ്കില്‍ പ്രശ്ന പരിഹാരത്തിന് അമേരിക്ക ശ്രമിക്കുമെന്ന് അമേരിക്കന്‍ നയതന്ത്ര ഉദ്യോഗസ്ഥന്‍ അറിയിച്ചു
ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള ഉഭയകക്ഷി ചര്‍ച്ചകളെ പ്രോത്സാഹിപ്പിക്കുമെന്നും അമേരിക്ക വ്യക്തമാക്കി. കര്‍താര്‍പൂര്‍ ഇടനാഴി സംബന്ധിച്ചുള്ള കരാറില്‍ ഒപ്പുവച്ചത് ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം വളര്‍ത്തുമെന്ന ആത്മവിശ്വാസം നല്‍കുന്നതാണ്. ഇന്ത്യയും യുഎസും തമ്മിലുള്ള സൗഹൃദം വളരുകയാണെന്നും ഹൂസ്റ്റണിൽ നടന്ന ഹൗഡി മോദി പരിപാടി അതിനുദാഹരണമാണെന്നും യുഎസ് നയതന്ത്ര ഉദ്യോഗസ്ഥൻ ചൂണ്ടിക്കാട്ടി.
കശ്‌മീര്‍ വിഷയത്തില്‍ ഇടപെടാമെന്നും മധ്യസ്ഥത വഹിക്കാൻ താല്‍പര്യമുണ്ടെന്നും ട്രംപ് നേരത്തെയും വ്യക്തമാക്കിയിരുന്നു. എന്നാല്‍ കശ്‌മീര്‍ ഇന്ത്യയുടെയും പാകിസ്ഥാന്‍റെയും ആഭ്യന്തര പ്രശ്‌നമാണെന്നും മറ്റാരുടെയും ഇടപെടല്‍ വേണ്ടന്നുമായിരുന്നു ഇന്ത്യയുടെ നിലപാട്.