വാഷിംഗ്ടൺ: തെരഞ്ഞെടുപ്പ് ക്രമക്കേടിനെ പറ്റിയുള്ള തന്‍റെ ആരോപണത്തിന് വിരുദ്ധമായി സംസാരിച്ച ആഭ്യന്തര സുരക്ഷ ഉദ്യോഗസ്ഥനെ പ്രസിഡന്‍റ് ഡൊണാൾഡ് ട്രംപ് പുറത്താക്കി. നവംബർ മൂന്നിലെ തെരഞ്ഞെടുപ്പ് അമേരിക്കയുടെ ചരിത്രത്തിലെ ഏറ്റവും സുരക്ഷിതമായതാണെന്ന് പറഞ്ഞതിനാണ് ട്രംപ് ക്രിസ്റ്റഫർ ക്രെബ്സ് എന്ന ഉദ്യോഗസ്ഥനെ പുറത്താക്കിയത്. പ്രധാനപ്പെട്ട സംസ്ഥാനങ്ങളിലെല്ലാം ട്രംപ് ക്രമക്കേട് ആരോപണം നടത്തിയെങ്കിലും ഇതിനെ പിന്തുണയ്ക്കുന്ന തെളിവുകളൊന്നും ട്രംപ് നൽകിയിട്ടില്ലെന്ന് ക്രെബ്സ് ചൊവ്വാഴ്ച ട്വിറ്ററിൽ പറഞ്ഞു. ആഭ്യന്തര സുരക്ഷാ വകുപ്പിൽ സൈബർ സുരക്ഷ, ഇൻഫ്രാസ്ട്രക്ചർ സെക്യൂരിറ്റി ഏജൻസി (സിസ) ഡയറക്ടർ ആയിരുന്നു ക്രിസ്റ്റഫർ ക്രെബ്സ്. മുൻ മൈക്രോസോഫ്റ്റ് എക്സിക്യൂട്ടീവ് കൂടിയാണ് ക്രെബ്സ്.
പ്രസിഡന്‍റ് തെരഞ്ഞെടുപ്പിൽ വിജയിച്ച ജോ ബൈഡനെ അംഗീകരിക്കാൻ ട്രംപ് വിസമ്മതിക്കുകയും വോട്ടർ തട്ടിപ്പിന് തെളിവില്ലാത്ത അവകാശവാദങ്ങൾ ഉന്നയിക്കുകയും ചെയ്തു. ജനുവരിയിൽ ട്രംപ് സ്ഥാനമൊഴിയുന്നതിനുമുമ്പ് സിഐഎ ഡയറക്ടർ ഗിന ഹസ്‌പെൽ, എഫ്ബിഐ ഡയറക്ടർ ക്രിസ്റ്റഫർ വ്രെ എന്നിവരെയും പുറത്താക്കുമെന്ന് അഭ്യൂഹമുണ്ട്. 232 ഇലക്ടറൽ കോളജ് വോട്ടുകളുള്ള ട്രംപ് പെൻസിൽവാനിയ, നെവാഡ, മിഷിഗൺ, ജോർജിയ, അരിസോണ തുടങ്ങി വിവിധ സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് ഫലങ്ങളെ വെല്ലുവിളിച്ചു. വിസ്കോൺസിനിലും അദ്ദേഹം വീണ്ടും കണക്ക് ആവശ്യപ്പെട്ടിരുന്നു.