വാഷിംഗ്‌ടൺ: മുൻ അമേരിക്കൻ പ്രസിഡന്‍റ് ഡൊണാൾഡ് ട്രംപിന് രണ്ട് വർഷത്തേക്ക് വിലക്കേര്‍പ്പെടുത്തി ഫേസ്ബുക്ക്. ഫേസ്ബുക്കിന്‍റെ നിയമങ്ങള്‍ ലംഘിച്ചെന്ന് ചൂണ്ടികാട്ടിയാണ് നടപടി. രണ്ട് വര്‍ഷത്തിന് ശേഷം പൊതുസുരക്ഷ ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ വിദഗ്‌ധ സമിതി പരിശോധിച്ചതിന് ശേഷം സസ്പെന്‍ഷന്‍ പിന്‍വലിക്കുന്നതിനെ കുറിച്ച് തീരുമാനമെടുക്കുമെന്ന് ഫേസ്ബുക്ക് പ്രതിനിധി നിക്ക് ക്ലെഗ്ഗ് അറിയിച്ചു.
ജനുവരി ഏഴിനാണ് ട്രംപിന്‍റെ അക്കൗണ്ട് ഫേസ്ബുക്ക് താല്‍ക്കാലികമായി സസ്പെന്‍ഡ് ചെയ്‌തത്. അമേരിക്കന്‍ പ്രസിഡന്‍റ് തെരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടതിന് പിന്നാലെ തെരഞ്ഞെടുപ്പ് ഫലം ബഹിഷ്ക്കരിക്കാന്‍ ട്രംപ് സമൂഹ മാധ്യമങ്ങളിലൂടെ ആഹ്വാനം ചെയ്‌തിരുന്നു. ജനുവരി ആറിന് ക്യാപിറ്റോള്‍ ഹില്‍സ് കലാപത്തിലേക്ക് നയിച്ചത് ട്രംപിന്‍റെ ആഹ്വാനമാണെന്ന് ചൂണ്ടികാട്ടി ഫേസ്ബുക്കിന് പുറമേ ട്വിറ്ററും യൂട്യൂബും ട്രംപിന്‍റെ അക്കൗണ്ട് സസ്പെന്‍ഡ് ചെയ്‌തിരുന്നു.