ആയത്തുല്ല അലി ഖുമൈനിയെ ലക്ഷ്യം വെച്ച് ട്രംപ്
ഇറാന്‍റെ രാജ്യാതിര്‍ത്തി ലംഘിച്ച് പറന്ന യുഎസിന്‍റെ ആളില്ല വിമാനം ഇറാന്‍ കഴിഞ്ഞ ദിവസം വെടിവെച്ചിട്ടിരുന്നു. ഇതിനു പിന്നാലെയാണ് ഉപരോധം
വാഷിംഗ്ടണ്‍: ഇറാനുമേൽ കടുത്ത ഉപരോധം ഏർപ്പെടുത്തി അമേരിക്ക. ഇതു സംബന്ധിച്ച എക്സിക്യൂട്ടീവ് ഉത്തരവിൽ പ്രസിഡന്‍റ് ഡോണാൾഡ് ട്രംപ് ഒപ്പു വച്ചു. ഇറാന്‍റെ പരമോന്നത നേതാവ് ആയത്തുല്ല അലി ഖുമൈനിയുടെ ഓഫീസിനും എട്ട് സൈനിക കമാന്‍ഡർമാർക്കും എതിരെയുള്ള ഉപരോധ ഉത്തരവിലാണ് ട്രംപ് ഒപ്പുവച്ചത്. ആയത്തുല്ല അലി ഖുമൈനിയേയും ഉന്നത ഉദ്യോഗസ്ഥരെയും യുഎസ് അധികാരപരിധിയിൽ ധനകാര്യ ബന്ധങ്ങളിൽനിന്നു വിലക്കുന്നതാണ് ഉപരോധം. ഇറാന്‍റെ രാജ്യാതിര്‍ത്തി ലംഘിച്ച് പറന്ന യുഎസിന്‍റെ ആളില്ല വിമാനം ഇറാന്‍ കഴിഞ്ഞ ദിവസം വെടിവെച്ചിട്ടിരുന്നു. ഇതിനു പിന്നാലെയാണ് അമേരിക്ക ഇറാന് ഉപരോധം ഏര്‍പ്പെടുത്തിയത്. അതേസമയം വിമാനം വെടിവെച്ചിട്ടില്ലായിരുന്നെങ്കിലും ഉപരോധം ഏര്‍പ്പെടുത്തുമായിരുന്നുവെന്ന് ട്രംപ് പറഞ്ഞു. അതേസമയം, ഇറാൻ ഭീഷണി സംബന്ധിച്ചു സൗദി ഭരണാധികാരി സൽമാൻ രാജാവ്, കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ രാജകുമാരൻ, അബുദാബി കിരീടാവകാശി ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ എന്നിവരുമായി യുഎസ് സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപെയോ ചർച്ച നടത്തി.