വാഷിങ്ടൺ: ഇംപീച്ച്‌മെന്‍റ് ആവശ്യപ്പെട്ട് പ്രമേയം പാസാക്കാൻ ഡെമോക്രാറ്റുകൾക്ക് മതിയായ വോട്ടുകൾ ഉണ്ടെന്ന് സമ്മതിച്ച് ഇംപീച്ച്‌മെന്‍റ് ഭീഷണി നേരിടുന്ന യുഎസ് പ്രസിഡന്‍റ് ഡൊണാൾഡ് ട്രംപ്. എന്നാൽ റിപ്പബ്ലിക്കൻ നിയന്ത്രണത്തിലുള്ള സെനറ്റ് വിചാരണയിൽ തനിക്കൊപ്പം നിൽക്കുമെന്ന് അദ്ദേഹം പറഞ്ഞു. 2020 ലെ തെരഞ്ഞെടുപ്പിൽ ഡെമോക്രാറ്റിക് സ്ഥാനാർഥിയാകാന്‍ മത്സരിക്കുന്ന ജോ ബൈഡനെയും മകനെയും അഴിമതിക്കേസിൽ കുടുക്കാൻ യുക്രെയ്ൻ പ്രസിഡന്‍റ് വോളോഡൈമർ സെലൻസ്‌കിക്ക് മേൽ സമ്മർദ്ദം ചെലുത്തിയെന്നാണ് ട്രംപിനെതിരെയുള്ള ആരോപണം. ഇതിനെത്തുടർന്ന് സ്‌പീക്കര്‍ നാൻസി പെലോസി ട്രംപിനെതിരെ ഇംപീച്ച്‌മെന്‍റ് അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു.
തന്നെ ഇംപീച്ച് ചെയ്യാൻ ഡെമോക്രാറ്റുകൾക്ക് മതിയായ വോട്ടുകളുണ്ടെന്ന് സമ്മതിച്ച് ട്രംപ് - യുഎസ് രാഷ്ട്രീയ വാർത്തകൾ
വിചാരണ നടന്നാൽ സെനറ്റ് തന്നോടൊപ്പം നിൽക്കുമെന്ന് വിശ്വസിക്കുന്നതായും യുഎസ് പ്രസിഡന്‍റ് ഡൊണാൾഡ് ട്രംപ്.
ഡെമോക്രാറ്റിക് നിയന്ത്രണത്തിലുള്ള സഭ ഇംപീച്ച്‌മെന്‍റ് ലേഖനങ്ങൾ പാസാക്കി കഴിഞ്ഞാൽ സെനറ്റ് വിചാരണ നടത്തും. വിചാരണ നടന്നാൽ സെനറ്റ് തന്നോടൊപ്പം നിൽക്കുമെന്ന് വിശ്വസിക്കുന്നതായി ട്രംപ് മാധ്യമപ്രവർത്തകരോട് പറഞ്ഞു. ഇംപീച്ച്‌മെന്‍റിന്‍റെ ലേഖനങ്ങൾ സെനറ്റിലേക്ക് അയച്ചാൽ വിചാരണ നടത്തുകയല്ലാതെ തന്‍റെ ചേംബറിന് മറ്റ് മാർഗമില്ലെന്ന് സെനറ്റ് ഭൂരിപക്ഷ നേതാവ് മിച്ച് മക്കോണൽ പറഞ്ഞിരുന്നു. എന്നാൽ ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്ത ഒരു പുതിയ പ്രചാരണ പരസ്യത്തിൽ, ഇംപീച്ച്‌മെന്‍റ് തടയുന്നതിനുള്ള പിന്തുണക്കായി മക്കോണല്‍ നേരിട്ട് സഹായം ആവശ്യപ്പെട്ടു.