വാഷിങ്‌ടണ്‍: അമേരിക്കയില്‍ അപകട ഭീതി ഉയര്‍ത്തി ഉഷ്‌ണമേഖല കൊടുങ്കാറ്റായ നിക്കോളസ്. ഞായറാഴ്‌ച രാത്രി ടെക്‌സസ് തീരത്തേക്ക് നീങ്ങിയ കൊടുങ്കാറ്റ് തിങ്കളാഴ്‌ച രാത്രിയോടെ തീരം തൊടും. ടെക്‌സസ് തീരദേശ മേഖല, മെക്‌സിക്കോ, ലൂസിയാന എന്നിവിടങ്ങളില്‍ കൊടുങ്കാറ്റ് കനത്ത മഴയും പ്രളയവും സൃഷ്‌ടിക്കുമെന്ന് കാലാവസ്ഥ നിരീക്ഷകര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
പരമാവധി സുസ്ഥിരമായ കാറ്റ് വടക്ക്-വടക്കുപടിഞ്ഞാറ് ഭാഗത്തേക്ക് മണിക്കൂറില്‍ 19 കിലോമീറ്റര്‍ വേഗതയിലാണ് നീങ്ങുന്നത്. തിങ്കളാഴ്‌ച രാത്രിയോ ചൊവ്വാഴ്‌ച പുലര്‍ച്ചെയോ തീരത്ത് എത്തുന്നത് വരെ കൊടുങ്കാറ്റ് ക്രമേണ ശക്തി പ്രാപിക്കുമെന്ന് കാലാവസ്ഥ നിരീക്ഷണകര്‍ പറയുന്നു.
തീരപ്രദേശങ്ങളില്‍ ജാഗ്രത നിര്‍ദേശം
ടെക്‌സസ് തീരദേശ മേഖലയില്‍ കൊടുങ്കാറ്റിനെ കുറിച്ച് മുന്നറിയിപ്പ് നൽകിയിട്ടുണ്ടെന്നും ടെക്‌സസിന്‍റെ ഭൂരിഭാഗം തീരങ്ങളും ജാഗ്രതയിലാണെന്നും മിയാമിയിലെ നാഷണൽ ഹ്യൂറികെയ്‌ന്‍ സെന്‍ററിലെ ഉദ്യോഗസ്ഥര്‍ പറഞ്ഞു. തിങ്കളാഴ്‌ച നിക്കോളാസ് മധ്യ ടെക്‌സസ് തീരത്തോടടുക്കുമെന്നാണ് വിലയിരുത്തല്‍. ഇത് മൂലം ടെക്‌സസില്‍ കനത്ത മഴയും പ്രളയത്തിനും സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ നിരീക്ഷകര്‍ പറയുന്നത്.
ടെക്‌സസിലും തെക്കുപടിഞ്ഞാറൻ ലൂസിയാനയിലും കൊടുങ്കാറ്റിനെ തുടര്‍ന്ന് 25 സെന്‍റിമീറ്റര്‍ വരെ മഴ ലഭിച്ചേക്കും. ടെക്‌സസിലെ തീരപ്രദേശങ്ങളിൽ ഞായറാഴ്‌ച രാത്രി മുതൽ മധ്യവാരം വരെ പരമാവധി 50 സെന്‍റീമീറ്റർ മഴ ലഭിക്കുമെന്നും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം പറയുന്നു.