ഒട്ടാവ: ചൈനയിൽ ചാരവൃത്തി ആരോപിച്ച് തടഞ്ഞുവച്ച രണ്ട് കനേഡിയൻ പൗരന്മാരുടെ വിചാരണ വെള്ളിയാഴ്‌ച ആരംഭിക്കും. മുൻ നയതന്ത്രജ്ഞൻ മൈക്കൽ സ്‌പാവർ, വ്യവസായി മൈക്കൽ കോവ്രിഗ് എന്നിവരുടെ കോടതി വിചാരണ യഥാക്രമം മാർച്ച് 19, മാർച്ച് 22 തീയതികളിൽ നടക്കുമെന്ന് ബീജിങിലെ എംബസിയിൽ നിന്ന് അറിയിച്ചതായി കനേഡിയൻ വിദേശകാര്യ മന്ത്രി മാർക്ക് ഗാർനിയോ അറിയിച്ചു. തടവിലാക്കപ്പെട്ട ആളുകളിലേക്ക് ഒട്ടാവ കോൺസുലർ പ്രവേശനം തേടിക്കൊണ്ടിരിക്കുകയാണെന്നും അവരുടെ മോചനം സർക്കാരിന്‍റെ മുൻഗണനയായി തുടരുന്നുവെന്നും കനേഡിയൻ ഉന്നത നയതന്ത്രജ്ഞൻ കൂട്ടിച്ചേർത്തു.
ചൈനയുടെ തടവിലുള്ള കനേഡിയൻ പൗരന്മാരുടെ വിചാരണ നാളെ - canada embassy
മുൻ നയതന്ത്രജ്ഞൻ മൈക്കൽ കോവ്രിഗിനെയും വ്യവസായി മൈക്കൽ സ്‌പാവറിനെയും ചാരവൃത്തി ആരോപിച്ച് 800 ദിവസത്തിലേറെ ചൈനയിൽ തടഞ്ഞുവച്ചിരിക്കുകയാണ്
800 ദിവസത്തിലേറെയാണ് ഇരുവരെയും ചാരവൃത്തി ആരോപിച്ച് ചൈനയിൽ തടഞ്ഞുവച്ചിരിക്കുന്നത്. അമേരിക്കയുടെ അഭ്യർഥന മാനിച്ച് കാനഡ 2018ൽ ഹുവാവേ സി.എഫ്.ഒ ആയ മെങ് വാൻഷൗവിനെ തടഞ്ഞുവച്ചിരുന്നു. അതിന്‍റെ പ്രതികാരമാണിതെന്ന് ഒട്ടാവ അഭിപ്രായപ്പെടുന്നു. മെങിന്‍റെയും രണ്ട് കനേഡിയൻ പൗരന്മാരുടെയും അറസ്റ്റുകൾ ചൈനയും കാനഡയും തമ്മിലുള്ള ബന്ധം കൂടുതൽ വഷളാക്കി.
കൂടാതെ ഹോങ്കോങ്ങിൽ നടപ്പാക്കിയ ബീജിങിന്‍റെ ദേശീയ സുരക്ഷാ നിയമത്തെ ഒട്ടാവ അപലപിക്കുകയും സിൻജിയാങ് പ്രവിശ്യയിൽ മനുഷ്യാവകാശ ലംഘനം ആരോപിക്കുകയും ചെയ്തതും ഇതിനു ആക്കം കൂട്ടുന്നു. ഇരു രാജ്യങ്ങളും തങ്ങളുടെ പൗരന്മാരെ മറ്റൊരാൾ തടഞ്ഞുവയ്ക്കുന്നത് രാഷ്‌ട്രീയ വിഷയമായി കാണുന്നുവെന്നും എന്നിരുന്നാലും യുഎസ് വിദേശനയത്തോടുള്ള കാനഡയുടെ വർധിച്ചുവരുന്ന താൽപര്യം നയതന്ത്ര വിള്ളലിന് ഉത്തേജകമായിരുന്നുവെന്നും ചൈനീസ് അധികൃതർ പറഞ്ഞു.