ലോസ് ആഞ്ചലസ്: കാലിഫോര്‍ണിയയിലെ ലോസ് ആഞ്ചലസില്‍ റെയില്‍വേ ട്രാക്കില്‍ ഇടിച്ചിറക്കിയ വിമാനത്തെ ഇടിച്ച് തെറിപ്പിച്ച് ട്രെയിന്‍. പൈലറ്റ് രക്ഷപ്പെട്ടത് തലനാരിഴക്ക്. ആക്ഷന്‍ സിനിമകളിലെ ക്ലൈമാക്‌സ് രംഗങ്ങളെ അനുസ്‌മരിപ്പിക്കുന്ന സംഭവത്തിന്‍റെ ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലാണ്. ലക്ഷക്കണക്കിനാളുകളാണ് വീഡിയോ ഇതുവരെ കണ്ടത്.
ട്രെയിന്‍ വിമാനത്തെ ഇടിച്ച് തെറിപ്പിക്കുന്നതിന്‍റെ ദൃശ്യങ്ങള്‍ ലോസ് ആഞ്ചലസ് പൊലീസ് വകുപ്പാണ് ദൃശ്യങ്ങള്‍ ട്വിറ്ററില്‍ പങ്കുവച്ചത്. പരിക്കേറ്റ പൈലറ്റിനെ തകര്‍ന്ന വിമാനത്തിനുള്ളില്‍ നിന്ന് പുറത്തെടുത്ത് നിമിഷങ്ങള്‍ക്കുള്ളില്‍ ട്രാക്കിലൂടെ പാഞ്ഞെത്തിയ ട്രെയിന്‍ വിമാനത്തെ ഇടിച്ച് തെറിപ്പിച്ചു.
സെസ്‌ന 172 എന്ന ചെറുവിമാനമാണ് റെയില്‍വേ ട്രാക്കില്‍ ഇടിച്ചിറക്കിയത്. കോക്ക്‌പിറ്റില്‍ നിന്ന് പൈലറ്റിനെ പൊലീസ് ഓഫിസര്‍മാര്‍ പുറത്തെടുക്കാന്‍ ശ്രമിക്കുന്നതും ഗോ ഗോ എന്ന് ആളുകള്‍ അലറുന്നതും ഹോണടിച്ച് വരുന്ന മെട്രോലിങ്ക് ട്രെയിന്‍ വിമാനത്തിനെ ഇടിച്ചിടുന്നതും ബോഡി ക്യാമിലെ ദൃശ്യങ്ങളില്‍ നിന്ന് വ്യക്തമാണ്.
ലോസ് ഏഞ്ചലസിലെ പക്കോയിമ മേഖലയിലെ വൈറ്റ്മാൻ എയർപോർട്ടിലെ റൺവേയ്ക്ക് സമീപമുള്ള റെയിൽവേ ട്രാക്കിലാണ് അപകടമുണ്ടായതെന്നാണ് റിപ്പോർട്ടുകൾ. നിയന്ത്രണം നഷ്‌ടപ്പെട്ട വിമാനം ട്രാക്കിൽ തകർന്നുവീഴുകയായിരുന്നു. വിമാനത്തിലുണ്ടായിരുന്ന പൈലറ്റിന് പരിക്കുകളുണ്ട്. അപകടത്തില്‍ ട്രെയിനിലുണ്ടായിരുന്ന ആർക്കും പരിക്കേറ്റിട്ടില്ലെന്ന് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
Also read: പന്നിയുടെ ഹൃദയം മനുഷ്യനില്‍ വച്ചുപിടിപ്പിച്ചു ; അവയവമാറ്റ ശസ്ത്രക്രിയയില്‍ നിര്‍ണായക ചുവടുവയ്‌പ്പ്