വാഷിങ്ടൺ: ഇലോൺ മസ്‌കിന്‍റെ സ്പേസ് എക്‌സ് കമ്പനി വിക്ഷേപിച്ച ബഹിരാകാശ പേടകം ലക്ഷ്യം പൂർത്തിയാക്കി തിരികെ ഭൂമി തൊട്ടു. നാല് ബഹിരാകാശ സഞ്ചാരികളും മൂന്ന് ദിവസം ഭൂമിയെ വലംവച്ച് സുരക്ഷിതമായി തിരികെയെത്തി. ഫ്ലോറിഡ തീരത്ത് അറ്റ്‌ലാന്‍റിക്കിൽ പേടകത്തിന്‍റെ യാത്ര ആരംഭിച്ച സ്ഥലത്തു നിന്ന് വളരെ അകലെയല്ലാതെയാണ് പാരച്ച്യൂട്ടിൽ സഞ്ചാരികൾ പറന്നിറങ്ങിയത്.
ഇതാദ്യമായാണ് ബഹിരാകാശ വിദഗ്ധർ ഇല്ലാതെ സാധാരണക്കാർ മാത്രമായി ബഹിരാകാശത്തേക്ക് റോക്കറ്റ് പോകുന്നത്. യാത്രക്കായി പണം മുടക്കിയ ജാരെഡ് ഐസക്‌മാനും മൂന്ന് സഹയാത്രികരുമാണ് ബഹിരാകാശത്തേക്ക് യാത്ര തിരിച്ചത്. സാധാരണക്കാർക്കും ബഹിരാകാശത്തെത്താൻ സാധിക്കും എന്ന് കാണിച്ചുകൊടുക്കുകയായിരുന്നു യാത്രയുടെ ലക്ഷ്യം.
ഇലോൺ മസ്‌കിന്‍റെ കമ്പനിയുടെ ആദ്യ സ്വകാര്യ റോക്കറ്റ് ഡ്രാഗൺ ക്യാപ്‌സൂൾ അവരെ ഏറ്റെടുത്തു. യാത്രക്കുള്ള ചെലവ് എത്രയെന്ന് ഐസക്‌മാൻ ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. യാത്രികരുമായി പോയ ഡ്രാഗൺ ക്യാപ്‌സൂൾ റോക്കറ്റ് 363 മൈൽ(585 കിലോമീറ്റർ) ഉയരത്തിലെത്തി.
അന്താരാഷ്‌ട്ര ബഹിരാകാശ നിലയത്തിൽ നിന്നും 100 മൈൽ ഉയരത്തിൽ പോയ റോക്കറ്റിന്‍റെ മുകൾഭാഗത്തുള്ള ജാലകത്തിലൂടെ യാത്രികർ ഭൂമിയിലെ കാഴ്‌ചകൾ കണ്ടു. 1969ൽ അപ്പോളോ 9ന് ശേഷം അറ്റ്ലാന്‍റിക്കിൽ യാത്ര അവസാനിപ്പിക്കുന്ന ആദ്യത്തെ ബഹിരാകാശ യാത്രികരാണ് ഇവർ.