യുഎൻ: ഇന്ത്യയെ സഹായിക്കാൻ അന്താരാഷ്‌ട്ര സമൂഹം തയ്യാറാകണമെന്ന് യുനിസെഫ്. ഇന്ത്യയിൽ കൊവിഡ് സാഹചര്യം മോശമാകുന്ന സാഹചര്യത്തിൽ ദുരന്തം ഒഴിവാക്കാനായി അടിയന്തര നടപടി സ്വീകരിക്കണമെന്ന് യുനിസെഫ് സൗത്ത് ഏഷ്യ റീജിയണൽ ഡയറക്ടർ ജോർജ്ജ് ലാരിയ-അഡ്‌ജെയ് പ്രസ്‌താവനയിൽ പറഞ്ഞു. സർക്കാരുകൾ എല്ലാ നടപടികളും സ്വീകരിക്കണമെന്നും അന്താരാഷ്ട്ര സമൂഹം കാലതാമസമില്ലാതെ നടപടി സ്വീകരിക്കണമെന്നും ലാരിയ-അഡ്‌ജെ പറഞ്ഞു.
ഇന്ത്യയെ സഹായിക്കാൻ അന്താരാഷ്‌ട്ര സമൂഹം തയ്യാറാകണമെന്ന് യുനിസെഫ് - കൊവിഡ് കേസുകളിൽ ഇന്ത്യ മുന്നിൽ
ഇന്ത്യയിലെ നിലവിലെ കൊവിഡ് സാഹചര്യത്തിൽ നിന്ന് നമുക്ക് പഠിക്കാനുണ്ടെന്നും ആഗോള സമൂഹം ഇന്ത്യയെ സഹായിക്കണമെന്നും യുനിസെഫ് സൗത്ത് ഏഷ്യ റീജിയണൽ ഡയറക്ടർ ജോർജ്ജ് ലാരിയ-അഡ്‌ജെയ്.
ഇന്ത്യയിലേക്ക് രണ്ട് മില്യൺ ഫേസ്‌ഷീൽഡും 200,000ത്തോളം സർജിക്കൽ മാസ്‌ക്കുകളും യുണിസെഫും അയച്ചിട്ടുണ്ട്. ഇന്ത്യയിലെ സാഹചര്യം നമുക്ക് ഓരോരുത്തർക്കും പാഠമാണെന്നും യുണിസെഫ് എക്‌സിക്യൂട്ടീവ് ഡയറക്‌ടർ ഹെൻറിയേറ്റ ഫോർ പറഞ്ഞു. നിലവിലെ സാഹചര്യത്തിൽ ലോകരാഷ്‌ട്രങ്ങൾ ഇന്ത്യയെ സഹായിക്കാൻ തയ്യാറായില്ലെങ്കിൽ പ്രത്യാഘാതങ്ങൾ വലുതായിരിക്കുമെന്നും ഹെൻറിയേറ്റ കൂട്ടിച്ചേർത്തു. രാജ്യത്ത് കൊവിഡിന്‍റെ രണ്ടാം തരംഗം രൂക്ഷമാകുമ്പോൾ പ്രതിദിനം നാല് ലക്ഷത്തിലധികം കേസുകളാണ് റിപ്പോർട്ട് ചെയ്യുന്നത്.
ഡബ്ലിയുഎച്ച്ഒ റിപ്പോർട്ട് പ്രകാരം ഇന്ത്യയിൽ 20.6 മില്യൺ ആളുകൾക്ക് കൊവിഡ് സ്ഥിരീകരിക്കുകയും 226,000 കൊവിഡ് മരണം സംഭവിക്കുകയും ചെയ്‌തിട്ടുണ്ട്. ദക്ഷിണ ഏഷ്യൻ രാജ്യങ്ങളിലും കൊവിഡ് കേസുകൾ ദിനം പ്രതി വർധിക്കുകയാണ്. ഇതിൽ 90 ശതമാനം കൊവിഡ് കേസുകളും മരണങ്ങളും ഇന്ത്യയിലാണ് റിപ്പോർട്ട് ചെയ്യുന്നത്. ആഗോള കൊവിഡ് കണക്കിന്‍റെ 25 ശതമാനവും ഇന്ത്യയിലാണ് റിപ്പോർട്ട് ചെയ്യുന്നതെന്നും ഡബ്ലിയുഎച്ച്ഒ പറയുന്നു.