ഹോങ്കോങ്: ടിക് ടോക് സിഇഒ കെവിൻ മേയർ രാജിവെച്ചു. ടിക് ടോക്കിനെതിരെ അമേരിക്ക ചെലുത്തുന്ന സമ്മർദ്ദത്തിന്‍റെ പശ്ചാത്തലത്തിലാണ് കെവിൻ മേയർ സ്ഥാനമൊഴിഞ്ഞത്. രാഷ്‌ട്രീയ അന്തരീക്ഷം മാറിമറിയുന്ന സാഹചര്യത്തിൽ താൻ ടിക് ടോക് ഉപേക്ഷിക്കുകയാണെന്ന് കമ്പനിയുടെ ജീവനക്കാർക്ക് അയച്ച കത്തിൽ മേയർ പറഞ്ഞു.
ടിക് ടോക്ക് സിഇഒ കെവിൻ മേയർ രാജിവെച്ചു
ബൈറ്റെഡൻസ് കമ്പനിയുടെ കീഴിലുള്ള ടിക് ടോക്കിന്‍റെ പ്രവർത്തനം അമേരിക്കൻ കമ്പനിക്ക് നൽകിയില്ലെങ്കിൽ രാജ്യത്ത് വീഡിയോ ആപ്പിന് നിരോധനമേർപ്പെടുത്തുമെന്നും യുഎസ് പ്രസിഡന്‍റ് ഡൊണാൾഡ് ട്രംപ് അറിയിച്ചു. ഇതിന് പിന്നാലെയാണ് കെവിൻ മേയറിന്‍റെ രാജി.
ജനപ്രിയ വീഡിയോ ആപ്പായ ടിക് ടോക്കിന്‍റെ അമേരിക്കയിലെ പ്രവർത്തനം മറ്റൊരു കമ്പനിയ്ക്ക് കൈമാറാൻ ടിക് ടോക്കിന്‍റെ ചൈനീസ് ഉടമയോട് യുഎസ് ആവശ്യപ്പെട്ടിരുന്നു. ബൈറ്റെഡൻസ് കമ്പനിയുടെ കീഴിലുള്ള ടിക് ടോക്കിന്‍റെ പ്രവർത്തനം അമേരിക്കൻ കമ്പനിക്ക് നൽകിയില്ലെങ്കിൽ രാജ്യത്ത് വീഡിയോ ആപ്പിന് നിരോധനമേർപ്പെടുത്തുമെന്നാണ് യുഎസ് പ്രസിഡന്‍റ് ഡൊണാൾഡ് ട്രംപ് അറിയിച്ചത്. ടിക് ടോക് സുരക്ഷാവീഴ്‌ച വരുത്തിയെന്ന് ആരോപിച്ചായിരുന്നു കമ്പനിക്കെതിരെ അമേരിക്കയുടെ നീക്കം.
കോർപ്പറേറ്റ് ഘടനയിൽ ആവശ്യമായ മാറ്റങ്ങൾ കൊണ്ടുവരാൻ താൻ പരിശ്രമിച്ചിരുന്നതായും ഇപ്പോഴത്തെ പ്രശ്‌നങ്ങൾക്ക് എത്രയും പെട്ടെന്ന് തന്നെ പരിഹാരമുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നതായും വേദനയുള്ള ഹൃദയത്തോടെയാണ് താൻ ടിക് ടോക് വിടുന്നതെന്നും കെവിൻ മേയർ കത്തിൽ വിശദീകരിച്ചു. മുൻ ഡിസ്‌നി എക്സിക്യൂട്ടീവ് ആയിരുന്ന കെവിൻ മേയർ കഴിഞ്ഞ മെയിലാണ് ടിക് ടോക്കിന്‍റെ സിഇഒ ആയി സ്ഥാനമേറ്റെടുത്തത്. കെവിന്‍റെ തീരുമാനത്തെ ബഹുമാനിക്കുന്നുവെന്നും അദ്ദേഹത്തിന്‍റെ സേവനങ്ങൾക്ക് നന്ദി അറിയിക്കുന്നതായും ടിക് ടോക് പുറത്തിറക്കിയ പ്രസ്‌താവനയിൽ പറയുന്നു.