ന്യൂയോര്‍ക്ക്: യുഎന്‍ പൊതുസഭയില്‍ ഇന്ത്യക്കെതിരെ ആഞ്ഞടിച്ച് പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍. കശ്മീരിന്‍റെ പ്രത്യേക പദവി പിന്‍വലിച്ച നടപടിയെ അദ്ദേഹം വിമര്‍ശിച്ചു. മുസ്ലീംങ്ങളെ വംശഹത്യ ചെയ്യാനാണ് ആര്‍എസ്‍എസ്‍ ഇന്ത്യയില്‍ ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. നരേന്ദ്രമോദി ജീവിതകാലം മുഴുവന്‍ ആര്‍എസ്‍എസുകാരനാണ്.
കശ്മീര്‍ വിഷയത്തില്‍ ആണവ യുദ്ധം വരെ ഉണ്ടായേക്കാമെന്ന് ഇമ്രാന്‍ ഖാന്‍ പുല്‍വാമ പോലെ ഇനിയെന്തെങ്കിലും സംഭവിച്ചാല്‍ ഇന്ത്യ പാകിസ്ഥാനെ തന്നെ കുറ്റം പറയും. ഇതിന് പാകിസ്ഥാന് പങ്കില്ലെന്നും ഖാന്‍ കൂട്ടിച്ചേര്‍ത്തു. ഇന്ത്യന്‍ പ്രതിരോധ മന്ത്രി പറയുന്നത് 500 ഭീകരവാദികള്‍ അതിര്‍ത്തിയിലുണ്ടെന്നാണ്. എങ്ങനെയാണ് ഇത്രയധികം സൈനികര്‍ കാവല്‍ നില്‍ക്കുന്നിടത്തേക്ക് തീവ്രവാദികളെ വിടാന്‍ പാകിസ്ഥാന്‍ തയ്യാറാവുകയെന്നും അദ്ദേഹം ചോദിച്ചു.
ഇന്ത്യയും പാകിസ്ഥാനും ആണവായുധങ്ങള്‍ കൈവശമുള്ള രാജ്യങ്ങളാണ്. ഫെബ്രുവരിയില്‍ ഇന്ത്യയും പാകിസ്ഥാനും നേര്‍ക്കുനേര്‍ വന്നതുപോലെ ഒരു അവസരമുണ്ടായാല്‍ അത് തടയാനുള്ള ബാധ്യത ഐക്യരാഷ്ട്രസഭയ്‍ക്കും ലോക രാഷ്ട്രങ്ങള്‍ക്കുമുണ്ട്. അനിഷ്ടങ്ങള്‍ എന്തെങ്കിലും സംഭവിച്ചേക്കാം. പാകിസ്ഥാനെക്കാള്‍ ഏഴിരട്ടി വലിപ്പമുള്ള രാജ്യമാണ് ഇന്ത്യ. പക്ഷേ, ഇരു രാജ്യങ്ങളും തമ്മില്‍ ഒരു യുദ്ധത്തിലേക്ക് നീങ്ങിയാല്‍ എന്ത് ചെയ്യുമെന്ന് എനിക്ക് അറിയില്ല. മറ്റു മാര്‍ഗങ്ങള്‍ ഒന്നും മുന്നിലില്ലെങ്കില്‍ യുദ്ധം ചെയ്യുക എന്നത് മാത്രമാണ് വഴി. ഇതൊരു ഭീഷണിയല്ല, ഒരു ദുഃഖകരമായ സത്യമാണ്. അത് നിങ്ങളെ അറിയിക്കാനാണ് ഞാന്‍ വന്നതെന്നും അദ്ദേഹം പറഞ്ഞു.
എത്രയും വേഗം കശ്‍മീരിലെ മനുഷ്യത്വരഹിതമായ കര്‍ഫ്യൂ പിന്‍വലിക്കണം. രണ്ടാമത് കശ്‍മീരിലെ ജനങ്ങള്‍ക്ക് സ്വയം നിര്‍ണയത്തിനുള്ള അവകാശം നല്‍കണമെന്നും ഖാന്‍ പറഞ്ഞു. കശ്‍മീരില്‍ ആളുകള്‍ മൃഗങ്ങളെപ്പോലെ തടവിലിട്ടിരിക്കുകയാണ്. ഇത് മനുഷ്യത്വരഹിതമാണ്. കര്‍ഫ്യൂ മാറ്റിയാല്‍ എന്ത് സംഭവിക്കും എന്നാണ് മോദി കരുതുന്നതെന്നും ഖാന്‍ ചോദിച്ചു. ആളുകള്‍ സമാധാനത്തോടെ സര്‍ക്കാര്‍ എടുത്ത തീരുമാനം ഉള്‍ക്കൊള്ളുമെന്നാണോ. ഇന്ത്യ വലിയൊരു വിപണിയാണ് അതുകൊണ്ടുതന്നെ ആളുകളെക്കാള്‍ വസ്‍തുക്കള്‍ക്കാണ് വില. കര്‍ഫ്യൂ പിന്‍വലിച്ചാല്‍ കശ്‍മീരില്‍ ചോരപ്പുഴയൊഴുകും. മോദി അത് ചിന്തിച്ചിട്ടില്ലെന്നും ഇമ്രാന്‍ ഖാന്‍ പറഞ്ഞു.